കൊവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞയാൾ മരിച്ചു
ചെങ്ങന്നൂർ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നിന്ന് എത്തി നിരീക്ഷണത്തിൽ കഴിഞ്ഞ ചെങ്ങന്നൂർ കോടുകുളഞ്ഞി മോഴിയാട്ട് സുരേഷ് കുമാറി (ബാബു - 55) നെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ഭാര്യ സിന്ധു പ്രഭാത ഭക്ഷണവുമായി എത്തി വിളിച്ചപ്പോൾ കതകു തുറക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ ഹാളിൽ മൃതദേഹം കണ്ടത്. സുരേഷ് കുമാർ നിരീക്ഷണത്തിലായതോടെ ഭാര്യയും മക്കളും അടുത്തുള്ള കുടുംബ വീട്ടിലായിരുന്നു താമസം. ഹൃദയസ്തംഭനമാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കൃഷ്ണഗിരിയിൽ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്. അടുത്തമാസം നടത്താൻ നിശ്ചയിച്ചിരുന്ന മൂത്തമകളുടെ വിവാഹത്തിനായാണ് കഴിഞ്ഞ 13ന് നാട്ടിലെത്തിയത്. അഗ്‌നിസുരക്ഷാസംഘം വീടും പരിസരവും അണുവിമുക്തമാക്കി. സംസ്കാരം പിന്നീട്. മക്കൾ: സ്‌നേഹ, നീതു.