10ാം ദിനവും കടുവ കാണാമറയത്ത്

Sunday 17 May 2020 8:19 PM IST

പത്തനംതിട്ട : നാട്ടിലിറങ്ങിയ കടുവയെ പത്താം ദിവസവും കണ്ടെത്താൻ വനംവകുപ്പ് അധികൃതർക്ക് കഴിഞ്ഞില്ല. ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്താൻ വനംവകുപ്പിന് നേതൃത്വത്തിൽ വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും നിരാശ ആയിരുന്നു ഫലം. കടുവ ആദ്യം ഇറങ്ങിയ മേടപ്പാറ മുതൽ വടശ്ശേരിക്കര ചമ്പോൺ വരെ സഞ്ചരിച്ച 14 കിലോമീറ്റർ ദൂരം ഇന്നലെ പരിശോധിച്ചിരുന്നു . വയനാട്ടിൽ നിന്നെത്തിയവർ ഉൾപ്പെടെ 120ൽ അധികം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് തെരച്ചിലിൽ പങ്കെടുത്തത്. തിരുവനന്തപുരം, പുനലൂർ, തെന്മല ,റാന്നി ,പീരുമേട് ,എരുമേലി എന്നിവിടങ്ങളിലെ വനം വകുപ്പുമായി ബസപ്പെട്ട ഉദ്യോഗസ്ഥർ രാവിലെ 10ന് ആരംഭിച്ച തെരച്ചിൽ വൈകിട്ട് അഞ്ചിനാണ് സമാപിച്ചത്. 22 ചെറുസംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. ആന, മ്ലാവ്, കാട്ടുപന്നി ഉൾപ്പെടെയുള്ള മൃഗങ്ങളെ തെരച്ചിലിനിടയിൽ കാണാനായി. റാന്നി ഡി.എഫ്.ഒ എം.ഉണ്ണികൃഷ്ണൻ, പുനലൂർ ഡി.എഫ്.ഒ ബൈജു, റാന്നി എ.സി.എഫ് കെ.വി.ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ.