സ്കൂൾ വളപ്പിൽ കാടുകൾ വളരുന്നു
പത്തനംതിട്ട : സ്കൂളുകൾക്ക് ചുറ്റും കാടുകൾ വളരുകയാണ്, ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. അടച്ചിട്ടിട്ട് രണ്ടുമാസം പിന്നിടുമ്പോൾ പല വിദ്യാലയ മുറ്റങ്ങളും കുറ്റിക്കാടുകളായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ നവംബറിൽ വയനാട്ടിലെ സ്കൂളിൽ അഞ്ചാം ക്ലാസുകാരി പാമ്പ് കടിയേറ്റ് മരിച്ചതിനെ തുടർന്ന് സ്കൂളിന്റെ സുരക്ഷ സംബന്ധിച്ച് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. അതിന് ശേഷം സ്കൂൾ വൃത്തിയാക്കുന്നത് നിർബന്ധമാക്കി. ജൂണിൽ അദ്ധ്യയനം ആരംഭിക്കാനുള്ള തയാറെടുപ്പുകൾ നടക്കുകയാണെങ്കിലും സ്കൂളുകളുടെ പരിസര ശുചീകരണവും നവീകരണവും പലയിടത്തും മുടങ്ങിയ മട്ടാണ്.
പാമ്പും പന്നിയും കയറി വലിയകുളം എൽ.പി സ്കൂൾ
റാന്നി വലിയകുളം ഗവ.എൽ.പി സ്കൂളിന് ചുറ്റും കാടുകൾ വളർന്നു. ഇഴജന്തുക്കളെ പ്രദേശവാസികൾ തല്ലിക്കൊന്നിട്ടുണ്ട്. രാത്രിയിൽ കാട്ടുപന്നികളെയും ഇവിടെ കാണാം. സ്കൂൾ അധികൃതരെ അറിയിച്ചെങ്കിലും കാട് നീക്കാനുള്ള നടപടിയൊന്നുമായിട്ടില്ല. ഒന്നുമുതൽ നാല് വരെ ക്ലാസുകളിലെ കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
സ്കൂൾ സുരക്ഷ സംബന്ധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ നിർദേശങ്ങൾ
1.സ്കൂളും പരിസരവും വൃത്തിയുള്ളതും പഠനത്തിന് അനുയോജ്യവുമായിരിക്കണം.
2. ക്ലാസ് മുറികൾ സുരക്ഷിതമായിരിക്കണം.
3.കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻ നടപടി സ്വീകരിക്കണം. പ്രാഥമിക ശുശ്രൂഷയ്ക്കുള്ള മരുന്നുകൾ ഉണ്ടായിരിക്കണം.
4.സ്കൂളിന് ഭീഷണിയായി നിൽക്കുന്ന കാട്, മരങ്ങൾ, പൊത്ത്
എന്നിവ അടിയന്തരമായി നീക്കം ചെയ്യണം.