റോഡരികിൽ സംസാരിച്ചു നിന്ന അദ്ധ്യാപകൻ കാറിടിച്ച് മരിച്ചു
വർക്കല : കാറിൽ ചാരിനിന്ന് ഫോണിൽ സംസാരിക്കുകയായിരുന്ന അദ്ധ്യാപകൻ വാഹനമിടിച്ച് മരിച്ചു. മേൽവെട്ടൂർ അമൃത കൃപയിൽ ശ്യാംകുമാർ (49) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ പാലച്ചിറ ജംഗ്ഷനു സമീപമായിരുന്നു അപകടം.
പാലച്ചിറയിലെ വർക്ക് ഷോപ്പിനുമുമ്പിൽ കാർ പാർക്കുചെയ്തശേഷം പുറത്തിറങ്ങി മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനിടെ പാഞ്ഞെത്തിയ മറ്റൊരു കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്യാം കുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ത്തിച്ചെങ്കിലും രാത്രി 10.30 തോടെ മരിച്ചു.
സംഭവത്തിന് ശേഷം നിറുത്താതെ പോയ കാർ ബൈക്ക് യാത്രികരായ ദമ്പതികളെയും ഇടിച്ചിട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വർക്കല പൊലീസ് കാർ കസ്റ്റഡിയിലെടുത്തു. ദമ്പതികൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അദ്ധ്യാപകനും കെ.എസ്.ടി.എ യുടെ സജീവ പ്രവർത്തകനായിരുന്നു ശ്യാംകുമാർ. ഭാര്യ: ജെൽസ (അദ്ധ്യാപിക ). മക്കൾ: അന്വശര, അമൃത്. പിതാവ് : വിഷ്ണുബാലൻ. മാതാവ് : പ്രിയംവദ. സഹോദരി : ശോഭ.