10 ദിവസം 99 രോഗികൾ സ്ഥിതി അതീവഗുരുതരം
തിരുവനന്തപുരം : രാജ്യത്ത് ലോക്ക് ഡൗൺ കൂടുതൽ ഇളവുകളോടെ ഇന്ന് നാലാംഘട്ടത്തിലേക്ക് കടക്കുമ്പോഴും സംസ്ഥാനത്തെ സ്ഥിതി ഒട്ടും ആശ്വാസകരമല്ല. ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശത്തു നിന്നും ആളുകൾ നാട്ടിലെത്തിയതോടെ കൊവിഡ് വ്യാപനം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതിവേഗത്തിലാണ്.
സംസ്ഥാനത്തേക്ക് ആളുകൾ മടങ്ങിയെത്താൻ തുടങ്ങിയിട്ട് ഇന്നലെ പത്തു ദിവസമായി. ഇതിനിടെ 99 പേർക്കാണ് രോഗം ബാധിച്ചത്. ഇത് ഉയർത്തുന്നത് കനത്ത വെല്ലുവിളിയാണ്. പത്ത് ദിവസം മുമ്പ് ഇത് 16 പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. നിരീക്ഷത്തിൽ 20,157പേരും. ഇപ്പോൾ 101പേരാണ് ചികിത്സയിൽ. 62,529 പേർ നിരീക്ഷണത്തിലുമുണ്ട്.
മാർച്ച് 23ന് സംസ്ഥാനം ആദ്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ 91പേരാണ് ചികിത്സയിലുണ്ടായിരുന്നത്. 64,320പേർ നിരീക്ഷത്തിലും. പിന്നീട് കനത്ത നിയന്ത്രങ്ങളിലൂടെയാണ് അപകടകരമായ സാഹചര്യത്തെ കേരളം നേരിട്ടതും വിജയിച്ചതും. എന്നാൽ അതിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല ഇന്ന്.
എത്രയൊക്കെ ഇളവുകളുണ്ടെങ്കിലും കർശനമായ ജാഗ്രത വേണമെന്നതാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ആളുകളുടെ ഒഴുക്ക് സംസ്ഥാനത്തേക്ക് തുടരുകയാണ്.
ശ്രദ്ധ പാളിയാൽ, കഥമാറും
സംസ്ഥാനത്ത് 601 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. ഇതിൽ 497 പേർ രോഗമുക്തി നേടി. മൂന്നു പേർ മരണത്തിന് കീഴടങ്ങി. അതിതീവ്രമായ പരിശ്രമത്തിലൂടെയാണ് സംസ്ഥാനത്ത് മരണം മൂന്നായി ചുരുക്കാൻ സാധിച്ചത്. ഓരോ രോഗിക്കും പ്രത്യേക ശ്രദ്ധ നൽകി പരിചരിക്കാൻ ആരോഗ്യപ്രവർത്തകർക്ക് കഴിഞ്ഞു. എന്നാൽ രോഗികളുടെ എണ്ണം ദിവസേന പെരുകിയാൽ ആവശ്യമായ ശ്രദ്ധകിട്ടാതെ വരും. ഇത് ഗുരുതരമായ സാഹചര്യത്തിലേക്ക് നയിക്കും.