ലോക്ക് ഡൗൺ നാലാം ഘട്ടം: സംസ്ഥാന തീരുമാനം ഇന്ന്

Sunday 17 May 2020 10:58 PM IST

തിരുവനന്തപുരം: നാലാം ഘട്ട ലോക്ക് ഡൗൺ ഇന്ന് ആരംഭിക്കാനിരിക്കെ, കൂടുതൽ ഇളവുകളും നിബന്ധനകളും ഏർപ്പെടുത്തുന്ന കാര്യം സംസ്ഥാന സർക്കാ‌ർ ഇന്ന് തീരുമാനിക്കും. കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി നടന്ന ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ ധാരണയായ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാവും ഇത്.

സാമൂഹ്യ അകലം പാലിക്കുമെന്നുറപ്പുളള മേഖലകളിലായിരിക്കും പുതിയ ഇളവുകൾ .

ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും കർശന മുൻകരുതൽ പാലിച്ച് തുറന്നു പ്രവർത്തിക്കാൻ അനുവാദം നൽകുമെന്നാണറിയുന്നത്. തൊഴിൽ സ്ഥാപനങ്ങളിൽ മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കണമെന്ന കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, സംസ്ഥാന ആരോഗ്യവകുപ്പ് പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കും.

തീയേറ്ററുകളും മാളുകളും പ്രവർത്തിക്കില്ല. ഹോം ഡെലിവറി കൂടുതലായി പ്രോത്സാഹിപ്പിക്കും. കൊവിഡ് രോഗികൾ കൂടുതലുള്ള പ്രദേശങ്ങൾക്കായി ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിലും മാറ്റം വരുത്തും. റെഡ്,​ ഓറഞ്ച്,​ ഗ്രീൻ സോണുകൾ നിർണയിക്കുന്ന രീതി പുനപരിശോധിക്കും.ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക് ഡൗൺ തുടരുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാവും.