കൊല്ലത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് കൊവിഡ്
കൊല്ലം: പതിനാറ് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കൊല്ലത്ത് വീണ്ടും കൊവിഡ്. ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് അംഗമായ ആശാപ്രവർത്തകയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കല്ലുവാതുക്കൽ പഞ്ചായത്തിൽ നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതിനാൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ റാൻഡം സർവേ മാതൃകയിൽ വിവിധ വിഭാഗങ്ങളിലുള്ളവരുടെ സ്രവങ്ങൾ ശേഖരിച്ച് പരിശോധിച്ച് വരികയായിരുന്നു. ഇത്തരത്തിൽ പാരിപ്പള്ളി കേന്ദ്രീകരിച്ച് ശേഖരിച്ച 20 പേരുടെ സ്രവം പരിശോധിച്ചപ്പോഴാണ് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് രോഗം സ്ഥിരീകരിച്ചത്.
ശനിയാഴ്ച രാത്രിയാണ് പരിശോധനാ ഫലം പുറത്തുവന്നത്. ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിൽ പ്രവേശിപ്പിച്ചു. കല്ലുവാതുക്കൽ സ്കൂളിന് സമീപമാണ് താമസം. 42 വയസുണ്ട്. വീട്ടിലുള്ള ഭർത്താവിനെയും മകളെയും മകനെയും നിരീക്ഷണത്തിലാക്കി. എവിടെ നിന്നാണ് രോഗം പടർന്നതെന്ന കാര്യം വ്യക്തമല്ല. ഇവരുടെ വാർഡിൽ നിലവിൽ വിദേശത്ത് നിന്ന് വന്നവരടക്കം ആരും നിരീക്ഷണത്തിലില്ല. വീടിനടുത്ത് ബംഗളൂരുവിൽ നിന്ന് ഒരു വിദ്യാർത്ഥി മടങ്ങിയെത്തിയിരുന്നു. പാരിപ്പള്ളി ജംഗ്ഷന് സമീപമുള്ള ബന്ധുവീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന ഈ വിദ്യാർത്ഥിയെ സന്ദർശിച്ചിരുന്നു.
ആശാ പ്രവർത്തകയായതിനാൽ പാരിപ്പള്ളി പി.എച്ച്.സിയിൽ നിരന്തരം എത്തുമായിരുന്നു. നിരവധി വീടുകളിൽ മരുന്നും ഭക്ഷ്യവസ്തുക്കളും എത്തിച്ചിരുന്നു.
പ്രാഥമിക സമ്പർക്ക പട്ടികയിൽ 150 പേർ
ബ്ലോക്ക് പഞ്ചായത്ത് അംഗവും ആശാ പ്രവർത്തകയുമായതിനാൽ വിപുലമായ സമ്പർക്ക പട്ടികയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച സ്ത്രീക്കുള്ളത്. പ്രാഥമിക സമ്പർക്ക പട്ടികയിൽ മാത്രം ഇതുവരെ 150 പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ 40 പേരുടെ സ്രവം ഇന്നലെ പരിശോധനയ്ക്കയച്ചു.