കൊല്ലത്ത് വീണ്ടും കൊവിഡ് ആശങ്ക
Monday 18 May 2020 12:19 AM IST
കൊല്ലം: കല്ലുവാതുക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗമായ ആശാ പ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ വീണ്ടും കൊവിഡ് ആശങ്ക പടർന്നു. നേരത്തെ രോഗം ബാധിച്ചവരെല്ലാം ഭേദമായി വീട്ടിലേക്ക് മടങ്ങിയതിന്റെ ആശ്വാസത്തിൽ നിൽക്കുമ്പോഴാണ് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത്.
ജില്ലയിൽ കൊവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ ആരോഗ്യ പ്രവർത്തകയാണ് കല്ലുവാതുക്കൽ സ്വദേശിനി. ഇവർക്ക് എവിടെ നിന്നാണ് രോഗം പടർന്നതെന്ന കാര്യം വ്യക്തമല്ല. ജനപ്രതിനിധി ആയതിനാൽ നൂറ് കണക്കിന് പേരുമായി ഇവർ സമീപ ദിവസങ്ങളിൽ അടുത്ത് ഇടപെട്ടിട്ടുണ്ട്. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടിക പോലും ഇതുവരെ പൂർണമായും തയ്യാറായിട്ടില്ല. നേരത്തെ മീനാട് സ്വദേശിനിയായ ആശാ പ്രവർത്തകയ്ക്കും ചാത്തന്നൂർ പി.എച്ച്.സിയിലെ രണ്ട് ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.