താജിക്കിസ്ഥാനിൽ കുടുങ്ങി 300ലേറെ മലയാളി വിദ്യാർത്ഥികൾ
കൊല്ലം: കൊവിഡ് താണ്ഡവമാടുന്ന താജിക്കിസ്ഥാനിൽ 1,200 ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങി. ഇതിൽ 318 പേർ മലയാളികളാണ്. രണ്ടാഴ്ചയ്ക്കിടെ താജിക്കിസ്ഥാനിൽ 1,322 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 36 പേർ മരിച്ചു. പ്രതിദിനം ഇരുനൂറിൽപ്പരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
വന്ദേഭാരത് മിഷൻ പ്രകാരം ഈ മാസം 27ന് എയർ ഇന്ത്യ കണ്ണൂരിലേക്കും ജയ്‌പൂരിലേക്കും രണ്ട് സർവീസുകൾ നടത്തുന്നുണ്ട്. കണ്ണൂരിലേത് മലയാളി വിദ്യാർത്ഥികൾക്കും ജയ്പൂരിലേത് നോർത്ത് ഇന്ത്യക്കാർക്കും വേണ്ടിയാണ്. കണ്ണൂരിൽ ഇറങ്ങുന്ന വിമാനത്തിൽ 150 പേർക്ക് മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. ശേഷിക്കുന്നവരെ നാട്ടിലെത്തിക്കാൻ കൂടുതൽ സർവീസ് നടത്തണമെന്നാണ് ഇവരുടെ ആവശ്യം. വൈകുംതോറും തങ്ങളുടെ അവസ്ഥ കൂടുതൽ ബുദ്ധിമുട്ടിലേക്ക് നീങ്ങുകയാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. അടിയന്തര സഹായം ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സംസ്ഥാനത്തെ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമടക്കം വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു.