സമ്പൂർണ ലോക്ക് ഡൗണിൽ നാട് ലോക്ക്

Monday 18 May 2020 12:28 AM IST
സമ്പൂർണ ലോക്ക് ഡൗണിൽ വാഹനങ്ങൾ ഇല്ലാതെ വിജനമായ കൊല്ലം ചിന്നക്കട

കൊല്ലം: സമ്പൂർണ ലോക്ക് ഡൗൺ തുടർച്ചയായ രണ്ടാം ഞായറിലും ജില്ലയെ നിശ്ചലമാക്കി. പഞ്ചായത്ത്, നഗരസഭാ മേഖലകൾ ഒരുപോലെ സമ്പൂർണ ലോക്ക് ഡൗണിന് ഒപ്പം ചേർന്നു. അനാവശ്യ യാത്രകൾക്കായി ജനങ്ങൾ പുറത്തിറങ്ങിയില്ല. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടൾക്ക് പ്രവർത്തനാനുമതി നൽകിയെങ്കിലും ഭൂരിപക്ഷം കടകളും അടഞ്ഞുകിടന്നു. നിരത്തിൽ തിരക്കില്ലാത്തതിനാൽ തുറന്ന കടകൾ മിക്കതും ഉച്ചയോടെ അടച്ചു. സ്വകാര്യ വാഹനങ്ങൾ, ടാക്‌സി എന്നിവ നിരത്തിൽ ഇല്ലാത്തതിനാൽ കൊല്ലം ചിന്നക്കട ഉൾപ്പെടെ ജില്ലയുടെ പ്രധാന കേന്ദ്രങ്ങളെല്ലാം വിജനമായി. പ്രധാന കേന്ദ്രങ്ങളിലെല്ലാം കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നെങ്കിലും അനാവശ്യ യാത്രകളുടെ തിരക്ക് ഇല്ലാത്തതിനാൽ പൊലീസിന് കൂടുതലായി ഇടപെടേണ്ടി വന്നില്ല. ഹോട്ടലുകളുടെ പാഴ്സൽ കൗണ്ടറുകളും ഹോം ഡെലിവറി വിഭാഗവും പതിവ് പോലെ സജീവമായിരുന്നു. രാവിലെ മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പെയ്‌ത പെരുമഴ ശുചീകരണ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കി. വിദേശത്ത് നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തി സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലും ഗൃഹ നിരീക്ഷണത്തിലും കഴിയുന്നവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം അവർ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക കൂടി ചെയ്യുന്ന തിരക്കിലായിരുന്നു വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർ.