വ്യാജമദ്യം ഓൺലൈനിൽ !
ഒരു ലിറ്റർ ചാരായത്തിന് ഈടാക്കുന്നത് 3000 രൂപ വരെ
കൊല്ലം: ജില്ലയിൽ വ്യാജവാറ്റിനൊപ്പം ചാരായത്തിന്റെ ഓൺലൈൻ വ്യാപാരവും സജീവമാകുന്നു. പ്രദേശത്തിന്റെ സ്വഭാവം അനുസരിച്ച് ഒരു ലിറ്റർ ചാരായത്തിന് 3000 രൂപ വരെയാണ് ഈടാക്കുന്നത്. 2000 രൂപയിൽ കുറഞ്ഞ വിലയ്ക്ക് വാറ്റുചാരായം ലഭ്യമല്ല. മുൻകൂറായി പണം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചാൽ ആവശ്യപ്പെടുന്ന സ്ഥലത്ത് ചാരായം എത്തിച്ച് നൽകാനും ആളുണ്ട്.
പരാതിരഹിതമായ വിതരണത്തിനും പ്രത്യേക സംഘങ്ങളുണ്ടെന്നാണ് എക്സൈസ് നൽകുന്ന വിവരം. അടഞ്ഞുകിടക്കുന്ന വീടുകൾ, ഒഴിഞ്ഞ പ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടങ്ങളിലെ വിൽപ്പനയെങ്കിൽ ഇപ്പോൾ താമസിക്കുന്ന വീടുകൾക്കുള്ളിലാണ് വ്യാജവാറ്റ് വ്യാപകം. വീടുകൾക്കുള്ളിലെ ശുചിമുറി, അടുക്കള എന്നിവിടങ്ങളിൽ ചാരായം വാറ്റുന്നതിനിടെയാണ് പലരും അറസ്റ്റിലായത്.
എക്സൈസിനൊപ്പം പൊലീസും പരിശോധന കർശനമാക്കിയിരുന്നു. എന്നാൽ ജില്ലയിലെ വ്യാജവാറ്റുകാരിൽ പത്തിലൊരു ശതമാനം പോലും പിടിയിലാകുന്നില്ല എന്നതും ശ്രദ്ധേയമാണ്. സ്ഥിരം വ്യാജവാറ്റുകാർക്ക് പുറമെ ലോക്ക് ഡൗൺ കാലത്ത് വെറുതെയിരിക്കുന്ന പലരും സ്വന്തം ആവശ്യത്തിനും വിപണന ആവശ്യത്തിനും വ്യാജവാറ്റ് തുടങ്ങി.
460 ലിറ്റർ കോടയും 10 ലിറ്റർ ചാരായവും പിടികൂടി
കൊല്ലം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 460 ലിറ്റർ കോടയും പത്ത് ലിറ്റർ ചാരായവും പിടിച്ചെടുത്തു.
വിവിധ കേസുകളിലായി പുനൂക്കന്നൂർ കൊച്ചുവിള സുനിൽ കുമാർ (44), പള്ളിമൺ വട്ടവിള പവിത്രം വീട്ടിൽ വിഷ്‌ണു, തഴുത്തല പ്രേം നിവാസ് വീട്ടിൽ പ്രേംനാഥ് (32) എന്നിവരെ അറസ്റ്റ് ചെയ്തു. പെരുമൺ തുണ്ടത്തിൽ വടക്കതിൽ വീട്ടിൽ ശ്യാംകുമാർ (33), പെരുമൺ നരേന്ദ്രവിലാസത്തിൽ ചക്രം ഷാജിയെന്ന് വിളിക്കുന്ന ഷാജി, പെരുമൺ അജയഭവനത്തിൽ സുമേഷ്, ചിറ്റയം ജയഭവനം വീട്ടിൽ അരുൺ (26) എന്നിവർക്കെതിരെ അബ്കാരി കേസെടുത്ത് അന്വേഷണം തുടങ്ങി.
ശർക്കരയ്‌ക്കും ഈസ്റ്റിനും വിൽപ്പന കൂടി
വ്യാജ വാറ്റ് വ്യാപകമായതിന്റെ തെളിവായി വിപണിയിൽ ശർക്കരയ്ക്കും ഈസ്റ്റിനും വിൽപ്പന വർദ്ധിച്ചു. കോട നിർമ്മിക്കുന്നതിനായാണ് ഇവ ഉപയോഗിക്കുന്നത്.
...................
വ്യാജവാറ്റ്; പരാതികൾ അറിയിക്കാം
9400069439, 9400069440
...............................................
വ്യാജവാറ്റിനെതിരെ എക്സൈസ് പരിശോധന ശക്തമാണ്. ഇതുസംബന്ധിച്ച് പൊതുജനങ്ങൾക്കും വിവരം കൈമാറാം.
ഐ. നൗഷാദ്, എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ