സമൂഹവ്യാപനം കണ്ടെത്താൻ സർവേ ഇന്ന് തുടങ്ങും
തിരുവനന്തപുരം : കൊവിഡ് സാമൂഹ്യ വ്യാപനം കണ്ടെത്താൻ ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) നടത്തുന്ന സിറോളജിക്കൽ സർവേ സംസ്ഥാനത്ത് ഇന്ന് ആരംഭിക്കും. ഇതിനായി ഐ.സി.എം.ആർ സംഘം സംസ്ഥാനത്ത് എത്തി. തിങ്കളാഴ്ച പാലക്കാട് പരിശോധന നടത്തും.
പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ 1200 പേരുടെ രക്തസാമ്പിളാണ് പരിശോധിക്കുന്നത്. എൻ.ഐ.വി പുണെ വികസിപ്പിച്ച എലൈസ കിറ്റ് ഉപയോഗിച്ചാകും സർവേ. മൂന്ന് ജില്ലകളെയും പത്ത് ക്ലസ്റ്ററായി തിരിച്ചാണ് ആന്റിബോഡി പരിശോധന. ഓരോ ബ്ലോക്കിലും ഒരു വീട്ടിൽനിന്ന് ഒരാളുടെ വീതം 40 സാമ്പിൾ ശേഖരിക്കും. ഇങ്ങനെ ഓരോ ജില്ലയിൽനിന്നും 400 രക്ത സാമ്പിളാണ് ശേഖരിക്കുക. സംസ്ഥാനത്ത് ആകെ 1200 പേരെ പരിശോധിക്കും. 18 വയസ് പൂർത്തിയായ, കൊവിഡ് ലക്ഷണമോ രോഗികളുമായി സമ്പർക്കമോ ഇല്ലാത്തവരെ റാൻഡം രീതിയിൽ തിരഞ്ഞെടുത്താണ് പരിശോധിക്കുന്നത്. ഇതിന് പുറമേ, സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേർന്ന് ആരോഗ്യ പ്രവർത്തകർ, ആശുപത്രികളിൽ ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ ചികിത്സ തേടുന്നവർ, ഗർഭിണികൾ എന്നിവരിലും പരിശോധന നടത്തും. ഇത്തരത്തിൽ ആഴ്ചയിൽ 250 സാമ്പിൾ വീതം ശേഖരിച്ച് പൂൾ ടെസ്റ്റിംഗ് നടത്തും.