കൊവിഡ്: ഗൾഫിൽ രോഗവ്യാപനം കൂടുന്നു

Tuesday 19 May 2020 1:43 AM IST
GULF

റിയാദ്: കൊവിഡ് ബാധിച്ച് സൗദിയിൽ പത്തും യു.എ.ഇയിൽ ആറു പേരുംകൂടി മരിച്ചു. ആറ് ഗൾഫ് രാജ്യങ്ങളിലുമായി കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 696 ആയിസൗദി - 312, കുവൈറ്റ് -112, ബഹ്റൈൻ - 12, യു.എ.ഇ - 220, ഖത്തർ - 15, ഒമാൻ - 25 എന്നിങ്ങനെയാണ് ഗൾഫിലെ മരണനിരക്ക്. 1,37,899 പേരാണ് ആകെ രോഗബാധിതർ. കുവൈറ്റിൽ ഇരുപത്തിനാല് മണിക്കൂറിനിടെ 242 ഇന്ത്യക്കാർക്ക് രോഗം സ്ഥിരീകരിച്ചു..ഗൾഫ് രാജ്യങ്ങളിൽ രോഗവ്യാപനം കൂടുകയാണ്.

കുവൈറ്റിൽ റാൻഡം പരിശോധന

കൊവിഡ്​ പ്രതിരോധത്തിനായി കുവൈറ്റ്​ ആരോഗ്യ മന്ത്രാലയം റാൻഡം ടെസ്റ്റിനൊരുങ്ങുന്നു. രാജ്യത്തെ ആറു​ ഗവർണറേറ്റുകളിൽനിന്നും പ്രതിദിനം 180 വ്യക്​തികൾക്കാണ്​ പരിശോധന നടത്തുക. സ്​ത്രീകളിലും പുരുഷന്മാരിലും തുല്യ എണ്ണം ആളുകൾക്കാണ്​ പരിശോധന. ഏതെങ്കിലും ഭാഗത്ത്​ കൊവിഡ്​ വ്യാപനം ഉണ്ടോയെന്ന്​ അറിയാനാണിത്​. സ്ഥിരീകരിച്ചാൽ പിന്നീട്​ ആ ഭാഗങ്ങളിൽ വിശദ പരിശോധന നടത്തും. ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ്​ പരിശോധിക്കേണ്ട​വരെ തെരഞ്ഞെടുക്കുക. ഇവർക്ക്​ എത്തേണ്ട സമയം ടെക്​സ്​റ്റ്​ സന്ദേശം അയക്കും.

ടെൻ മില്ല്യൺ മീൽസ് വിജയവുമായി യു.എ.ഇ

കൊവിഡ് പ്രതിസന്ധിക്കിടെ സാധാരണക്കാർക്ക് ഭക്ഷണമെത്തിക്കുക എന്ന ലക്ഷ്യത്തോടെ യു.എ.ഇയിൽ ആരംഭിച്ച 'ടെൻ മില്ല്യൺ മീൽസ്' പദ്ധതി വൻ വിജയം. ഒരു കോടി ആളുകൾക്ക് ഭക്ഷണമെത്തിക്കാൻ ലക്ഷ്യമിട്ട പദ്ധതി സമാപിക്കുമ്പോൾ ഒന്നരക്കോടി ആളുകൾക്കാണ് ഭക്ഷണമെത്തിക്കാൻ കഴിഞ്ഞത്.

ഏപ്രിലിലാണ് പദ്ധതി ആരംഭിച്ചത്. യു.എ.ഇയിലെ ഏറ്റവും വലിയ സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായിരുന്നു ഇത്.