മർകസ് ആത്മീയ സമ്മേളനം ഓൺലൈനിൽ; പങ്കാളികളായത് ഒരു ലക്ഷം വിശ്വാസികൾ

Tuesday 19 May 2020 12:38 AM IST

കോഴിക്കോട്: റംസാൻ 25-ാം രാവിൽ മർകസിൽ ഓൺലൈനിലൂടെ ഒരുക്കിയ ആത്മീയ സമ്മേളനത്തിൽ ഒരു ലക്ഷത്തോളം വിശ്വാസികൾ പങ്കാളികളായി. രാത്രി ഒൻപതരയോടെ തുടങ്ങിയ പ്രാർത്ഥനാ സമ്മേളനം പുലർച്ചെ ഒന്നര വരെ നീണ്ടു.

മർകസ് ചാൻസലർ കാന്തപുരം എ.പി.അബൂബക്കർ മുസ്‌ല്യാർ ഉദ്ഘാടനം നിർവഹിച്ചു. ലോകം മഹാമാരിയായ കൊവിഡിനെ നേരിടുന്ന ഈ ഘട്ടത്തിൽ വിശ്വാസികൾ കൂടുതൽ പ്രാർത്ഥനാനിരതരാവണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രയാസപ്പെടുന്നവരെ സഹായിക്കണം. ദാനധർമ്മങ്ങൾ എപ്പോഴും പ്രയാസകരമായ പരീക്ഷണങ്ങൾ ഇല്ലാതാക്കുമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

സമാപനച്ചടങ്ങ് സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസ്‌ല്യാർ ഉദ്ഘാടനം ചെയ്തു. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അദ്ധ്യക്ഷനായിരുന്നു. മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു. കേരള മുസ്‌ലിം ജമാ അത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖാലീലുൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. 'ലൈലത്തുൽ ഖാദറിന്റെ സവിശേഷതകൾ' എന്ന വിഷയത്തിൽ മർകസ് ജനറൽ മാനേജർ സി.മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തി. സയ്യിദ് ജസീൽ കാമിൽ സഖാഫി തൗബയ്ക്ക് നേതൃത്വം നൽകി.