റബ്ബർ കർഷകർക്ക് സബ്‌സിഡി നൽകാതെ റബ്ബർ ബോർഡ്

Monday 18 May 2020 11:56 PM IST

കാഞ്ഞങ്ങാട്: റബ്ബർ കൃഷിക്കാർക്ക് റബ്ബർ ബോർഡ് മുഖാന്തരം ലഭിക്കുന്ന സബ്‌സിഡി മുടങ്ങി. കാഞ്ഞങ്ങാട് റീജണിലെ നൂറിൽ പരം സംഘങ്ങളിലെ കർഷകർക്കാണ് എട്ടു മാസമായി സബ്‌സിഡി ലഭിക്കാത്തത്.

പെരിയ, കല്യോട്ട്, കൊന്നക്കാട്, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ, കിനാനൂർ-കരിന്തളം, കയ്യൂർ-ചീമേനി, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ കൃഷിക്കാർക്ക് കാഞ്ഞങ്ങാട് റീജണൽ ഓഫീസിൽ നിന്നാണ് സബ്‌സിഡി തുക ലഭ്യമാക്കേണ്ടത്. റബർ കൃഷിക്കാരുടെ സംഘങ്ങൾ മുഖേന സംഭരിച്ച റബറിന്റെ വിവരങ്ങൾ ശേഖരിച്ച് അക്ഷയ കേന്ദ്രം വഴി അപ്‌ലോഡ് ചെയ്യുന്ന ജോലി കൃത്യമായി നടക്കാത്തതാണ് സബ്‌സിഡി ലഭിക്കാതിരിക്കാൻ കാരണം.

2020 ജനുവരി വരെയുള്ള സബ്‌സിഡി എല്ലാ റീജണൽ ഓഫീസുകളും കർഷകർക്ക് ലഭ്യമാക്കിയിട്ടുണ്ട്. കോട്ടയം മാർക്കറ്റിലെ വിലനിലവാരം കണക്കിലെടുത്താണ് റബ്ബറിന്റെ വില നിശ്ചയിക്കുന്നത്. പരമാവധി വില 150 രൂപ നിശ്ചയിച്ചാണ് സബ്‌സിഡി നൽകുക. നൂറു രൂപയാണെങ്കിൽ അമ്പതു രൂപയും അതിൽ കൂടുതലാണെങ്കിൽ അതിനനുസൃതമായുമാണ് സബ്‌സിഡി. മാസം തോറും കൃഷിക്കാരുടെ ഉത്പന്നം സംബന്ധിച്ച വിവരം അപ്‌ലോഡ് ചെയ്യുന്ന മുറയ്ക്കാണ് സബ്‌സിഡി ലഭിക്കുക. സംസ്ഥാന സർക്കാറുമായി സഹകരിച്ചാണ് സബ്‌സിഡി നൽകുന്നത്.

ലോക്ക് ഡൗൺ കാരണമാണ് സബ്‌സിഡി സംഖ്യ അപ്‌ലോഡ് ചെയ്യാൻ കഴിയാഞ്ഞത് എന്നാണ് ബോർഡിന്റെ വിശദീകരണം. സെപ്റ്റംബർ മുതൽ ജനുവരി വരെ ഒരു ലോക്ക്ഡൗണും ഉണ്ടായിരുന്നില്ല. മറ്റു സ്ഥലങ്ങളിലെ കൃഷിക്കാർക്ക് ന്യായമായി ലഭിക്കേണ്ട സബ്‌സിഡി കിട്ടിയിട്ടുമുണ്ട്. കാഞ്ഞങ്ങാട് റീജിയണൽ ഓഫീസിന്റെ ഉദാസീനതയാണ് സബ്‌സിഡി കിട്ടാതിരിക്കാൻ കാരണമെന്നാണ് കൃഷിക്കാർ പറയുന്നത്.

280 മുതൽ 300 വരെ കൃഷിക്കാരുള്ള നൂറിലേറെ സംഘങ്ങൾ

കൃഷിക്കാർക്ക് കിട്ടേണ്ടത് 60,000 രൂപവരെ.

കൃഷിക്കാരുടെ കൈകളിലെത്താതെ 30 ലക്ഷം രൂപ