ടാറ്റയും പെപ്സിയും രണ്ടുവഴിക്ക്
ന്യൂഡൽഹി: പെപ്‌സികോയുമായി ചേർന്നുള്ള സഹകരണത്തിന് ടാറ്റാ ഗ്രൂപ്പ് ബ്രേക്കിട്ടു! ടാറ്രാ കൺസ്യൂമർ പ്രോഡക്‌ട്‌സ്, പെപ്‌സികോയുമായി ചേർന്ന് തുടങ്ങിയ സംയുക്ത സംരംഭമായ നോറിഷ്‌കോ ബിവറേജസിലെ പെപ്‌സികോയുടെ ഓഹരികളും ടാറ്റ ഏറ്രെടുക്കും. ഫുഡ് ആൻഡ് ബീവറേജസ് ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ടാറ്റ വ്യക്തമാക്കി.
പെപ്‌സികോയുമായുള്ള എട്ടുവർഷത്തെ സഹകരണമാണ് ടാറ്റ അവസാനിപ്പിക്കുന്നത്. നോറിഷ്‌കോയെ ടാറ്റയുടെ സമ്പൂർണ ഉടമസ്ഥതയിലാക്കുകയാണ് ലക്ഷ്യം. റെഡി - ടു - ഡ്രിംഗ് ബ്രാൻഡായ ഗ്ളൂക്കോ പ്ളസിന്റെ അവകാശവും പെപ്‌സികോയിൽ നിന്ന് ടാറ്റ വാങ്ങും. വിപണിയിൽ മികച്ച ഡിമാൻഡുള്ള ഹിമാലയൻ മിനറൽ വാട്ടർ, ടാറ്റ വാട്ടർ പ്ളസ് എന്നിവ നോറിഷ്‌കോയുടെ ഉത്‌പന്നങ്ങളാണ്. കഴിഞ്ഞവർഷം മേയിൽ ഗ്രൂപ്പിന് കീഴിലെ കൺസ്യൂമർ പ്രോഡക്‌ട്‌സ് വിഭാഗങ്ങളെയെല്ലാം ടാറ്രാ ഗ്ളോബൽ ബീവറേജസ് എന്ന ഒറ്റക്കമ്പനിയാക്കി മാറ്റുമെന്ന് ടാറ്റ ഗ്രൂപ്പ് അറിയിച്ചിരുന്നു.