കേന്ദ്ര,​ സംസ്ഥാന പാക്കേജ് കബളിപ്പിക്കൽ: ചെന്നിത്തല

Tuesday 19 May 2020 12:51 AM IST

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി മറികടക്കാൻ കേന്ദ്ര,​ സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച പാക്കേജുകൾ ജനങ്ങളെ ഒരുപോലെ കബളിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രം ലോണെടുക്കാൻ പറയുമ്പോൾ കേരള സർക്കാർ കുടിശിക കൊടുത്തു തീർക്കുകയാണ്. മോദി സർക്കാർ ഇന്ത്യയെ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ്. പാർലമെന്റിലോ സംസ്ഥാനങ്ങളുമായോ ചർച്ച ചെയ്യാതെ പ്രതിരോധ,​ ബഹിരാകാശ മേഖലകളിൽ സ്വകാര്യ പങ്കാളിത്തം അനുവദിച്ചത് ഫെഡറലിസത്തെ തകർക്കുമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാർഷിക,​ ചെറുകിട,​ വഴിയോര കച്ചവടക്കാർക്ക് ഗുണം ലഭിക്കുന്ന യാതൊന്നും പാക്കേജിലില്ലെന്നും വൻകിടക്കാർക്ക് അനുകൂലമായ നിയമഭേദഗതി കൊണ്ടുവരുന്ന കേന്ദ്രം ജനവിരുദ്ധ നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പണം അനുവദിക്കാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചനുകളും ജനകീയ ഹോട്ടലുകളും തകർച്ചയുടെ വക്കിലാണ്. പാവപ്പെട്ടവർക്ക് കൂടുതൽ സഹായങ്ങൾ എത്തിക്കുന്നതിനായി കെ.പി.സി.സി തയ്യാറാക്കിയ പദ്ധതി ഇന്ന് സർക്കാരിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.