കേരളമടക്കം 4 സംസ്ഥാനക്കാർക്ക് കർണാടകയിൽ 31 വരെ വിലക്ക്
ന്യൂഡൽഹി: കേരളം ഉൾപ്പെടെ നാലു കൊവിഡ് ബാധിത സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് മേയ് 31 വരെ കർണാടക വിലക്കേർപ്പെടുത്തി. കൂടുതൽ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ.
രണ്ട് സംസ്ഥാനങ്ങളുടെയും അംഗീകാരത്തോടെ അന്തർ സംസ്ഥാന ബസ് സർവീസിന് കേന്ദ്രം അനുമതി നൽകിയിരുന്നെങ്കിലും, തത്കാലം അനുവദിക്കേണ്ടെന്നാണ് കർണാടക നിലപാട്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ളതടക്കമുള്ള ബസ് സർവീസുകൾ ഉടനെ പുനരാരംഭിക്കില്ല.
കർണാടകയിൽ ഇന്നലെ 84 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇവരിൽ ഭൂരിഭാഗം പേരും മുംബയിലും ചെന്നൈയിലും നിന്ന് മടങ്ങിയെത്തിയവരാണ്. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 1231 ആയി.
ബസുകളിൽ 30 പേർ ,
നിരക്ക് കൂട്ടില്ല
കർണാടകയിൽ കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് സ്വകാര്യബസുകളടക്കമുള്ള പൊതുഗതാഗതം അനുവദിച്ചു. സംസ്ഥാനത്തിനകത്ത് ട്രെയിനുകൾക്ക് ഓടാം. 30 പേരെ മാത്രമേ ബസിൽ അനുവദിക്കൂ. മുഖാവരണം ധരിക്കണം. ബസ് നിരക്ക് കൂട്ടില്ല. ഓട്ടോയിലും ടാക്‌സിയിലും ഡ്രൈവറും രണ്ടു യാത്രക്കാരും മാത്രം. ഓല, യൂബർ ടാക്‌സികൾക്കും അനുമതി നൽകി.പാർക്കുകളും തുറക്കും. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള എല്ലാ കടകളും തുറക്കും. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാർക്ക് 14 ദിവസ ക്വാറാന്റൈൻ നിർബന്ധമാക്കി. ഞായാറാഴ്ച സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗണായിരിക്കും..