കൂട്ടിയ നിരക്കിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ നാളെ മുതൽ

Tuesday 19 May 2020 12:00 AM IST

തിരുവനന്തപുരം: സർക്കാർ വർദ്ധിപ്പിച്ച യാത്ര നിരക്ക് ഈടാക്കി കെ.എസ്.ആർ.ടി.സി നാളെ മുതൽ ഓർഡിനറി സർവീസുകൾ ആരംഭിക്കും. അതേ സമയം, സ്വകാര്യബസുകൾ തീരുമാനമെടുത്തിട്ടില്ല. സർക്കാർ നിശ്ചയിച്ച.പുതിയ നിരക്കിലും സർവീസ് നടത്തുന്നത് നഷ്ടമാണെന്നാണ് ബസുടമകൾ പറയുന്നത്.

സാമൂഹ്യ അകലം തുടരുന്നതുവരെയുള്ള പ്രത്യേക ടിക്കറ്റ്നിരക്ക് സംബന്ധിച്ച സർക്കാർ വിജ്ഞാപനം

ഇന്നിറങ്ങും. നാളെ രാവിലെ മുതൽ പൊതുജനങ്ങൾക്കായി സർവീസുകൾ നടത്തും. സർക്കാർ ജീവനക്കാർക്കായി കൂടുതൽ സർവീസുകൾ ഇന്നു മുതൽ നടത്തും. മൂവായിരം ഓർഡിനറി ബസുകളാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്.

12 രൂപ മിനിമം ചാർജിലും ഓരോ കിലോമീറ്ററിനും 1.10 രൂപയും ഈടാക്കി പകുതി യാത്രക്കാരുമായി സർവീസ് നടത്തിയാൽ ഡീസലിനുള്ള പണം പോലും കിട്ടില്ലെന്നാണ് ബസുടമകളുടെ വാദം. യാത്രാ സൗജന്യത്തിന് അർഹതയുള്ളവരിൽ നിന്ന് പകുതി ചാർജ് ഈടാക്കണമെന്ന വ്യവസ്ഥയും അവർക്ക് സ്വീകര്യമല്ല.

'ചെലവിന്റെ മൂന്നിലൊന്നു വരുമാനം പോലും ലഭിക്കില്ല. ഡീസൽ വില കുറച്ചു നൽകിയിരുന്നെങ്കിൽ അത്രയെങ്കിലുമായേനെ സർവീസ് നടത്തുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും''-

-ലോറൻസ് ബാബു,​

..ചെയർമാൻ,​ സംയുക്ത സമര സമിതി