പൂനൂർ പഴയ പാലത്തിന് സമീപം പുതിയ പാലം
കോഴിക്കോട്: കാലപ്പഴക്കവും വീതിക്കുറവും മൂലം ഗതാഗതക്കുരുക്ക് പതിവായ പൂനൂർ പാലത്തിന് ശാപമോക്ഷമാകുന്നു. പഴയപാലം നിലനിർത്തി സമീപത്ത് പുതിയ പാലം നിർമ്മിക്കാനാണ് പദ്ധതി. ഇതിനായി പുരുഷൻ കടലുണ്ടി എം.എൽ.എയുടെ നിർദ്ദേശപ്രകാരം കിഫ്ബിയിൽ നിന്ന് 10 കോടി രൂപ അനുവദിച്ചിരുന്നു. കൊയിലാണ്ടി താമരശ്ശേരി റൂട്ടിൽ പൂനൂർ അങ്ങാടിയിൽ പഴയ പാലത്തിന് ഇടത് വശത്തായി 28 മീറ്റർ വീതമുള്ള രണ്ട് സ്പാനുകളായി 9.5 മീറ്റർ വീതിയിൽ പാലവും 1.5 മീറ്റർ വീതിയിൽ ഒരു വശത്ത് ഫൂട്പാത്തും ഉൾപ്പെടുത്തിയാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഇരുവശങ്ങളിലുമായി 140 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും നിർമ്മിക്കും. പാലം നിർമ്മാണത്തിന് മാത്രം 4.78 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. പാലം കടന്നു പോവുന്ന ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥല കൈയേറ്റ പ്രശ്‌നത്തിന് പരിഹാരമായി. പാലത്തിന്റെ സർവ്വെ നടപടികൾ ഇന്നലെ പൂർത്തിയായി. പുരുഷൻ കടലുണ്ടി എം.എൽ.എ, ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ബിനോയ്, പൊതുമരാമത്ത് വകുപ്പ് അസി.എക്‌സിക്യുട്ടീവ് എൻജിനീയർ എൻ.വി.ഷിനി എന്നിവർ സർവ്വെ നടപടികളിൽ പങ്കെടുത്തു. ടെൻഡർ നടപടികൾ പൂർത്തിയായാൽ പാലം നിർമ്മാണം ഉടൻ ആരംഭിക്കും.