കൊല്ലത്ത് കൊവിഡ് ബാധിതർ എട്ടായി
ആറുപേർ അബുദാബിയിൽ നിന്ന് എത്തിയവർ
കൊല്ലം: വിദേശത്ത് നിന്നെത്തിയ കൊല്ലം ജില്ലക്കാരായ ആറുപേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. മൂന്നുപേർ പാരിപ്പള്ളി മെഡിക്കൽ കോളേജിലും മൂന്നുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.
തൃക്കരുവ, ചന്ദനത്തോപ്പ്, ചിറക്കര, പത്തനാപുരം, പാരിപ്പള്ളി, എഴുകോൺ സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം 14 ന് അബുദാബിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയവരാണ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച മൂന്നുപേരെ അപ്പോൾ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് സ്വയം പറഞ്ഞതിനെ തുടർന്നാണ് മറ്റു മൂന്നുപേരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവർ ജില്ലയിൽ ആരുമായും സമ്പർക്കം പുലർത്താത്തതിനാൽ ആശങ്കയുടെ കാര്യമില്ല.
ഇവർ സഞ്ചരിച്ച വിമാനത്തിൽ 64 കൊല്ലം ജില്ലക്കാരുണ്ട്. ഇവരിൽ ഗർഭിണികളടക്കം 14 പേർ വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. 50 പേർ കൊല്ലം നഗരത്തിൽ വിവിധ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലായി കഴിയുകയാണ്. വരും ദിവസങ്ങളിൽ ഇവരുടെ സ്രവം പരിശോധനയ്ക്കയയ്ക്കും.
ഇന്നലെ 6 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരായ കൊല്ലം ജില്ലക്കാരുടെ എണ്ണം എട്ടായി. ഇതിൽ നാലുപേർ മാത്രമാണ് പാരിപ്പള്ളി മെഡി. കോളേജിൽ ചികിത്സയിലുള്ളത്. ഏഴുപേരും വിദേശത്ത് നിന്ന് വന്നവരാണ്. വിദേശത്ത് നിന്ന് കൊച്ചിയിൽ വന്നിറങ്ങിയ പുനലൂർ സ്വദേശിയായ ഒരാൾ കൊവിഡ് സ്ഥിരീകരിച്ച് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നുണ്ട്.