ട്രോളിംഗ് വന്നാൽ മുഴുപ്പട്ടിണി
നിരോധനം ജൂലായിൽ 15 ദിവസമായി ചുരുക്കണമെന്ന് ആവശ്യം
കൊല്ലം: കൊവിഡ് കാലത്ത് കഞ്ഞിവയ്ക്കാനെങ്കിലും സർക്കാർ അരി തന്നു, എന്നാൽ ട്രോളിംഗ് നിരോധനം വരുന്നതോടെ ഉള്ള കഞ്ഞികുടികൂടി മുട്ടും. സർക്കാരെ ചതിക്കല്ലേ, ഇക്കുറി ട്രോളിംഗ് നിരോധനം വേണ്ടെന്നാണ് മത്സ്യത്തൊഴിലാളികളിൽ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. രണ്ടുമാസമായി ലോക്ക് ഡൗണിൽ വലിയ ബോട്ടുകൾക്ക് മത്സ്യബന്ധത്തിനുള്ള നിയന്ത്രണം തുടരുകയാണ്. 31നുള്ളിൽ കൊവിഡ് നിയന്ത്രണവിധേയമായെങ്കിൽ മാത്രമേ ലോക്ക് ഡൗൺ പിൻവലിക്കൂ. ജൂൺ 9ന് അർദ്ധരാത്രിയോടെയാണ് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ആരംഭിക്കുക. ഇതിനിടയിൽ വിരലിലെണ്ണാവുന്ന ദിവസം മാത്രമേ മത്സ്യബന്ധനത്തിന് ലഭിക്കൂ. ഇനി ട്രോളിംഗ് കൂടി വന്നാൽ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ മുഴുപ്പണിയിലാകും.
കൊല്ലത്ത് നീണ്ടകര, വാടി, പള്ളിത്തോട്ടം, ആയിരംതെങ്ങ്, ആലപ്പാട് തുടങ്ങിയ സ്ഥലങ്ങളിലായി മത്സ്യ ബന്ധനം ഉപജീവനമാർഗമാക്കിയ ഒരു ലക്ഷത്തിലേറെപ്പേരുണ്ട്. ഇതിൽ കാൽ ലക്ഷത്തോളം പേർ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്. ബാക്കി വലിയ ബോട്ടുകളിൽ മത്സ്യബന്ധനത്തിന് പോകുന്നവരും.
മുൻ വർഷങ്ങളിൽ ട്രോളിംഗ് നിരോധനത്തിന് മൂന്ന് മാസം മുമ്പേ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ വറുതിക്കാലത്തേക്കായി എല്ലാം കരുതി വയ്ക്കാറുണ്ട്. എന്നാൽ ഇക്കുറി ഒന്നും കരുതിവയ്ക്കാനായില്ല. രണ്ടുമാസമായി തൊഴിലില്ലാത്തതിനാൽ നിരോധന കാലയളവിൽ എങ്ങനെ കഴിയുമെന്നാണ് തൊഴിലാളികൾ ചോദിക്കുന്നത്. കൊവിഡ് കാലത്ത് മത്സ്യബന്ധനം നിറുത്തിവച്ച സമയം ട്രോളിംഗ് നിരോധന കാലമായി കണക്കാക്കണമെന്നതാണ് ഇവരുടെ ആവശ്യം. മത്സ്യ പ്രജനനം മൺസൂൺ കാലത്ത് മാത്രമാണ് നടക്കുന്നതെന്ന വാദം ഒരിക്കലും ശരിയല്ലെന്നും തൊഴിലാളികൾ വാദിക്കുന്നു.
മത്സ്യത്തൊഴിലാളികൾ: 1 ലക്ഷം
പരമ്പരാഗത തൊഴിലാളികൾ: കാൽ ലക്ഷം
'' കൊവിഡ് സഹായമായി സർക്കാർ പ്രഖ്യാപിച്ച 2,000 രൂപ മത്സ്യത്തൊഴിലാളികളിൽ നല്ലൊരു വിഭാഗത്തിനും കിട്ടിയിട്ടില്ല. അതിനാൽ ഇക്കുറി നിരോധനം വേണ്ടെന്ന് വയ്ക്കണം. നിർബന്ധമെങ്കിൽ ജൂലായിൽ 15 ദിവസം മാത്രമായി ചുരുക്കണം.
മത്സ്യത്തൊഴിലാളികൾ