സംഘടിച്ച് അന്യസംസ്ഥാന തൊഴിലാളികൾ പാലേരിയിൽ പൊലീസിനു നേരെ കൈയേറ്റം; 3 പേർ കസ്റ്റഡിയിൽ
പേരാമ്പ്ര: സ്വദേശത്തേക്ക് പെട്ടെന്നു മടങ്ങാൻ സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി അന്യസംസ്ഥാന തൊഴിലാളികൾ സംഘടിച്ചിറങ്ങിയത് സംഘർഷത്തിനിടയാക്കി. പ്രതിഷേധക്കാരെ തടയാനെത്തിയ പൊലീസിനു നേരെ ചിലർ കൈയേറ്റത്തിനു മുതിർന്നതോടെയായിരുന്നു ഇത്. കൂടുതൽ പൊലീസെത്തി ബലം പ്രയോഗിച്ച് തൊഴിലാളികളെ മടക്കിവിടുകയായിരുന്നു. മൂന്നു പേർ കസ്റ്റഡിയിലായി.
ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരി പാറക്കടവിൽ ഇന്നലെ രാവിലെയാണ് സംഭവം. ഈ ഭാഗത്തുനിന്നു കുറേ പേർക്ക് ശ്രമിക് സ്‌പെഷ്യൽ ട്രെയിനിൽ മടങ്ങാൻ കഴിഞ്ഞതോടെ തങ്ങൾക്കും നാട്ടിലേക്ക് പോവാൻ സൗകര്യം ചെയ്യണമെന്നു മറ്റുള്ളവർ ആവശ്യമുയർത്തിയിരുന്നു. പാലേരി വില്ലേജ് ഓഫീസർ കെ.പ്രദീപൻ രാവിലെ ഇവരുടെ താമസസ്ഥലത്തെത്തി കാര്യങ്ങൾ ധരിപ്പിച്ചതാണ്. ഇദ്ദേഹം മടങ്ങിയതിനു പിറകെ പാറക്കടവിലും കുമ്പളത്തുമുള്ള എഴുപതോളം വരുന്ന ബീഹാർ, പശ്ചിമബംഗാൾ സ്വദേശികൾ സംഘടിച്ച് പ്രതിഷേധിക്കാൻ ഇറങ്ങുകയായിരുന്നു. വിവരമറിഞ്ഞ് പേരാമ്പ്ര സബ് ഇൻസ്പക്ടർ മനീഷ് സ്ഥലത്തെത്തി സംസാരിക്കുന്നതിനിടയിൽ ചിലർ അദ്ദേഹത്തെ കൈയേറ്റം ചെയ്തു. നാട്ടുകാർ കൂടി ഇടപെട്ട് ഇക്കൂട്ടരെ പിടിച്ചുതള്ളി മാറ്റുകയാണുണ്ടായത്. ഈ സമയത്ത് എസ്.ഐ യുടെ കൂടെ പൊലീസ് ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വൈകാതെ പെരുവണ്ണാമൂഴി പൊലീസ് ഇൻസ്പക്ടർ പി. രാജേഷിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് എല്ലാവരെയും ഓടിച്ചുവിട്ടത്. പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.