പത്തനംതിട്ട ഭീതിയിൽ കടുവയ്ക്ക് പിന്നാലെ കുമ്പഴയിൽ പുലി
പത്തനംതിട്ട: നഗരസഭ പരിധിയിൽ ഉൾപ്പെടുന്ന കുമ്പഴ നെടുമനാൽ ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. തണ്ണിത്തോട്ടിലും വടശ്ശേരിക്കരയിലും കടുവയെ കണ്ടതിന് തൊട്ടുപിന്നാലെയാണിത്. നഗരസഭ പത്തൊൻപതാം വാർഡ് പ്രദേശമാണിത്. ചൊവ്വാഴ്ച പുലർച്ചെ 2 ന് മുറ്റത്തിറങ്ങിയപ്പോൾ കിഴക്കേമുറിയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മൈലപ്ര സ്വദേശി ബാലൻ ആണ് പുലിയെ കണ്ടത്. പേടിച്ചുവിറച്ച ഇയാൾ മുറിക്കകത്ത് കയറി കതകടച്ചു. വിവരം ഭാര്യയോടും പറഞ്ഞു. പുലി മുറ്റത്ത് കൂടി നടന്നു നീങ്ങുന്നത് ഇവരും കണ്ടും. ഫോൺ ഇല്ലാത്തതിനാൽ ഇവർക്ക് ആരേയും വിളിക്കാൻ കഴിഞ്ഞില്ല. രാവിലെ പുലിയുടെ കാൽപ്പാടുകൾ മുറ്റത്ത് കണ്ടു . തുടർന്ന് വിവരം പത്തനംതിട്ട പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി നോക്കിയപ്പോഴും മുറ്റത്ത് കാൽപ്പാടുകൾ കണ്ടു. തുടർന്ന് വിവരം ഫോറസ്റ്റ് സംഘത്തെ അറിയിക്കുകയായിരുന്നു. മഴ പെയ്തതിനാൽ ഫോറസ്റ്റ് സംഘത്തിന് കാൽപ്പാടുകൾ പരിശോധിക്കാനായില്ല. റബർ തോട്ടങ്ങൾ നിറഞ്ഞ പ്രദേശമാണിമാണിത്.