പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് 35,000 മാസ്‌ക്കുകൾ
പത്തനംതിട്ട: എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി 35,000 മാസ്‌ക്കുകൾ ജില്ലയിൽ തയ്യാറായി. പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീം, സർവശിക്ഷാ അഭിയാൻ എന്നിവ ചേർന്നാണ് മാസ്‌ക്കുകൾ തയ്യാറാക്കുന്നത്. ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീം വോളന്റീയർമാർ വീടുകളിൽ നിർമ്മിച്ച പുനരുപയോഗിക്കാവുന്ന മാസ്‌ക്കുകളാണ് നിർമ്മിച്ചത്. 'മാസ്‌ക്ക് ചലഞ്ച് ' എന്ന പ്രോഗ്രാമിന്റെ ഭാഗമായാണു ഇവ തയ്യാറാക്കിയത്. മാസ്‌ക്കുകൾ നിർമ്മിക്കുന്നതിന് എൻ.എസ്.എസ് വോളന്റീയർമാർക്കായി ഓൺലൈൻ പരിശീലനം നൽകിയിരുന്നു.
മാസ്‌ക്കുകൾ ജില്ലാ കളക്ടർ പി.ബി.നൂഹ് എൻ.എസ്.എസ് സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ ഡോ.ജേക്കബ് ജോണിൽ നിന്ന് സ്വീകരിച്ചു. എൻ.എസ്.എസ് റീജിയണൽ പ്രോഗ്രാം കൺവീനർ സജീവർഗീസ്, ജില്ലാ കൺവീനർ വി.എസ് ഹരികുമാർ, ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ ഫിറോസ്ഖാൻ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ എസ്.രാജേഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫാ.റിൻജു പി. കോശി, ജേക്കബ് ചെറിയാൻ, ആർ.മണികണ്ഠൻ, കെ.ഹരികുമാർ, എൻ.അനുരാഗ് എന്നിവർ പങ്കെടുത്തു.