ബാറുകളുടെ വിറ്റ് വരവ് നികുതി അഞ്ച് ശതമാനമായി കുറച്ചേക്കും

Wednesday 20 May 2020 12:00 AM IST
LIQUOR

തിരുവനന്തപുരം:ബാർ ഹോട്ടലുകളിൽ നിന്ന് വിൽക്കുന്ന വിദേശ മദ്യത്തിന് ഈടാക്കുന്ന വിറ്റുവരവ് നികുതി പത്ത് ശതമാനത്തിൽ നിന്ന് അഞ്ചായി കുറച്ചേയ്ക്കും.

ബിവറേജസ് കോർപ്പറേഷൻ വഴി വിൽക്കുന്ന വിദേശ മദ്യം ഓൺലൈൻ വഴി അതേ വിലയ്ക്ക് ബാർ ഹോട്ടലുകളിൽ കൂടി വിൽക്കുമ്പോഴുണ്ടാവുന്ന നഷ്ടം ഒഴിവാക്കാനാണിത്. ഈ ആവശ്യം ബാറുടമകൾ ശക്തമായി ഉന്നയിച്ചിരുന്നു. ബിവറേജസ് കോർപ്പറേഷനിൽ അഞ്ച് ശതമാനമാണ് വിറ്റുവരവ് നികുതി.. 20 ശതമാനം ലാഭം ഈടാക്കിയാണ് ബിവറേജസ് കോർപ്പറേഷൻ മദ്യം വിൽക്കുന്നത്. അതേ സമയം, ബാർ ഹോട്ടലുകാർ ബിവറേജസ് കോർപ്പറേഷനിൽ നിന്ന് വാങ്ങുന്ന മദ്യം ചില്ലറയായി ഉപഭോക്താക്കൾക്ക് തങ്ങൾ നിശ്ചയിക്കുന്ന വിലയ്ക്കാണ് നൽകിയിരുന്നത്.

ഒരു വർഷത്തേക്ക് മുപ്പത് ലക്ഷം രൂപയാണ് ബാർ ഉടമകൾ ലൈസൻസ് ഫീസായി നൽകുന്നത്. ലോക്ക് ഡൗൺ കാലത്ത് ഹോട്ടലുകൾ അടച്ചിട്ടതിനാൽ, പൂട്ടിയ കാലയളവിന് ആനുപാതികമായി ലൈസൻസ് ഫീസിൽ ഇളവ് നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.2014-15ൽ പൂട്ടിയതിന് ശേഷം തുറന്ന ബാർ ഹോട്ടലുകളിൽ പലതും കൃത്യമായി വിറ്റ്വരവ് നികുതി അടച്ചിരുന്നില്ല. ഇവർക്കായി സർക്കാർ പിന്നീട്

പ്രത്യേകം ആംനസ്റ്റി സ്കീം കൊണ്ടുവന്നിരുന്നു. ഇതുപ്രകാരം ,പിഴയും പലിശയും നികുതിയുടെ 50 ശതമാനവും ഒഴിവാക്കി. ഒറ്റത്തവണയായി അടയ്ക്കുന്നവർക്ക് നികുതിയിൽ വീണ്ടും പത്ത് ശതമാനം ഇളവും നൽകിയിരുന്നു.

മദ്യവില വർദ്ധിപ്പിക്കാൻ അനുമതി

മദ്യവില 35ശതമാനം വരെ വർദ്ധിപ്പിക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. ഇതുസംബന്ധിച്ച ഗസ​റ്റ് വിജ്ഞാപനം പുറത്തിറങ്ങിയതോടെ വിലവർദ്ധന നിലവിൽ വന്നു.