എം.ജി ബിരുദ പരീക്ഷാ കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലും

Wednesday 20 May 2020 12:00 AM IST

കോട്ടയം : എം.ജി സർവകലാശാല 26 ന് പുനരാരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ വിദ്യാർത്ഥികൾക്ക് താമസിക്കുന്ന ജില്ലയിൽത്തന്നെ എഴുതാനവസരമൊരുക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. സർവകലാശാലയുടെ പരിധിയിലുള്ള അഞ്ച് ജില്ലകൾക്ക് പുറമേ മറ്റ് ജില്ലകളിൽ പത്ത് പരീക്ഷകേന്ദ്രങ്ങൾ തുറക്കും. 21ന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ സർവകലാശാല വെബ്‌സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ലക്ഷദ്വീപിലും പരീക്ഷകേന്ദ്രമുണ്ട്. ആറാം സെമസ്റ്റർ യു.ജി. പരീക്ഷകൾ 26, 27, 28, 29 തീയതികളിലാണ് നടക്കുക. ജൂൺ 2, 3, 4 തീയതികളിലായി പ്രാക്ടിക്കൽ പരീക്ഷകളും പൂർത്തിയാക്കും. ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ പാലിച്ചാണ് പരീക്ഷാനടത്തിപ്പ്.