ലോട്ടറി വില്പന നാളെ തുടങ്ങും

Wednesday 20 May 2020 12:00 AM IST

തിരുവനന്തപുരം: നാളെ മുതൽ ലോട്ടറി വില്പന പുനരാരംഭിക്കും. ലോക്ക് ഡൗൺ മൂലം രണ്ടുമാസമായി ലോട്ടറി വില്പന നിലച്ചിരിക്കുകയായിരുന്നു. ഇന്ന് ലോട്ടറിക്കടകൾ വൃത്തിയാക്കി അണുനശീകരണം നടത്തും. ജൂൺ ഒന്നുമുതൽ നറുക്കെടുപ്പ് ആരംഭിക്കും. ഏജന്റുമാരുടെ സംഘടനാ പ്രതിനിധികളുമായി വീ‌ഡിയോ കോൺഫറൻസ് വഴി നടത്തിയ ചർച്ചയിലാണ് ധനകാര്യ മന്ത്രി ടി.എം.തോമസ് ഐസക് ഇക്കാര്യം അറിയിച്ചത്. ലോക്ക് ഡൗൺ മൂലം വിപണി സ്തംഭിച്ചിരിക്കുന്നതിനാൽ ടിക്കറ്ര് വില 20 രൂപയാക്കി കുറയ്ക്കണമെന്ന് എജന്റുമാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. വില കുറയ്ക്കാനോ നറുക്കെടുപ്പ് റദ്ദാക്കാനോ സർക്കാർ ആലോചിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. 49,000 ക്ഷേമനിധി അംഗങ്ങൾക്ക് ആയിരം രൂപ കൂടി നൽകുമെന്നും മന്ത്രി അറിയിച്ചു.

ലോക്ക് ‌ഡൗൺ കാരണം വിൽക്കാത്ത ടിക്കറ്രുകളിൽ 40 ശതമാനം തിരിച്ചെടുക്കാമെന്ന് മന്ത്രി അറിയിച്ചതായി ലോട്ടറി ക്ഷേമനിധി ബോർ‌ഡ് വൈസ് ചെയർമാൻ അറിയിച്ചു. ഉത്തരവ് ഉടൻ ഇറങ്ങും. ജൂൺ മാസം എട്ട് നറുക്കെടുപ്പുകളും നടത്താമെന്ന് ലോട്ടറി ഡയറക്ടർ നിർദ്ദേശിച്ചു. 65 കഴിഞ്ഞവ‌ർ പുറത്തിറങ്ങരുതെന്ന നിബന്ധനയിൽനിന്ന് ലോട്ടറി തൊഴിലാളികളെ ഒഴിവാക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.