മോഹൻലാലിന് 'ഒപ്പം' പിറന്നാൾ സദ്യയുണ്ട് സുഹൃത്തുക്കൾ

Wednesday 20 May 2020 12:00 AM IST
mohanlal

തിരുവനന്തപുരം: അറുപതാം പിറന്നാൾ സദ്യ മോഹൻലാൽ കഴിച്ച അതേ സ്വാദോടെ,​ അതേസമയത്ത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കഴിച്ചു. പക്ഷേ, മോഹൻലാൽ ചെന്നൈയിലെ വീട്ടിലും സുഹൃത്തുക്കൾ സ്വന്തം വീടുകളിലുമായിരുന്നുവെന്നുമാത്രം. ഫാൻസ് അസോസിയേഷൻ മുഖേനയാണ് സുഹൃത്തുക്കളുടെ വീടുകളിൽ മോഹൻലാൽ പിറന്നാൾ സദ്യ എത്തിച്ചത്. ഭാര്യ സുചിത്രയാണ് ചെന്നൈയിലെ വീട്ടിൽ ലാലിനു വേണ്ടി സദ്യ ഒരുക്കിയത്. അമ്മ ശാന്തകുമാരി അമ്പലങ്ങളിൽ പൂജയ്ക്ക് ഏർപ്പാട് ചെയ്തിരുന്നു. ഇടവത്തിലെ രേവതി നക്ഷത്രദിനമായ ഇന്നലെയായിരുന്നു ആരാധകരുടെ 'ലാലേട്ടന്റെ' അറുപതാം പിറന്നാൾ.

പിറന്നാൾ സദ്യ കഴിച്ചതിന്റെ സെൽഫികൾ സുഹൃത്തുക്കൾ മോഹൻലാലിന് അയച്ചു കൊടുത്തു. രാവിലെ തന്നെ കൂട്ടുകാരെല്ലാം മോഹൻലാലിനെ വിളിച്ച് പിറന്നാൾ ആശംസകൾ നേർന്നു. ലാലിന്റെ അടുത്ത സ്നേഹിതരിലൊരാളായ നിർമ്മാതാവ് സുരേഷ്‌കുമാർ,​ മോഹൻലാലിന്റെ പേരിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പാൽപ്പായസം വഴിപാട് കഴിപ്പിച്ചു. സദ്യ കഴിക്കുന്ന സെൽഫി കീ‌ർത്തി സുരേഷാണ് പകർത്തിയത്.

സുരേഷ്‌കുമാറിന്റെ കുടുംബത്തിലെ നാലുപേരും മോഹൻലാലിനൊപ്പം പ്രവർത്തിച്ചവരാണ്. സുരേഷ് നിർമ്മിച്ച ചിത്രങ്ങളിൽ ലാൽ നായകനായി. ഭാര്യ മേനക നിരവധി ചിത്രങ്ങളിൽ ലാലിന്റെ നായികയായി. ഇളയ മകൾ കീർത്തി സുരേഷ് ഗീതാഞ്ജലിയിലും ആരാധകർ കാത്തിരിക്കുന്ന കുഞ്ഞാലിമരയ്ക്കാറിലും ഒപ്പം അഭിനയിച്ചു. മൂത്തമകൾ രേവതി മോഹൻലാൽ സംവിധാനം ചെയ്യുന്ന 'ബറോസി'ന്റെ സഹ സംവിധായികയാണ്.

മറ്റൊരു സുഹൃത്ത് മണിയൻപിള്ള രാജുവും രാവിലെ തന്നെ മോഹൻലാലിനെ വിളിച്ച് പിറന്നാൾ ആശംസകൾ നേർന്നു. ''ഉഗ്രൻ സദ്യ. അടുത്തകാലത്തൊന്നും ഇതുപോലെ ഒന്ന് കഴിച്ചില്ല '' എന്നായിരുന്നു മണിയൻപിള്ള രാജുവിന്റെ കമന്റ്.