ദീപ ടി.മോഹൻ പറന്നകന്നു; സ്നേഹ നൊമ്പരമായി

Wednesday 20 May 2020 12:00 AM IST
ദീപ.ടി.മോഹൻ

കൊല്ലം: രോഗാവശതകളിലും അക്ഷരങ്ങളിൽ മധുരം ചാലിച്ചെഴുതിയ ദീപയെ മരണം ഇത്രപെട്ടെന്ന് കവർന്നെടുക്കുമെന്ന് ആരും കരുതിയില്ല. അപ്രതീക്ഷിതമായി കവയത്രിയെ നഷ്ടപ്പെട്ട വായനക്കാരുടെ സങ്കടക്കുറിപ്പുകളാണ് ഇന്നലെ രാവിലെ മുതൽ നവമാദ്ധ്യമങ്ങളിൽ നിറഞ്ഞത്.

കൊട്ടാരക്കര നെടുവത്തൂർ തേവലപ്പുറം ദീപാലയത്തിൽ ദീപ ടി.മോഹനെ മരണം കൂട്ടിക്കൊണ്ടുപോയത് രാവിലെയാണ് പലരും അറിഞ്ഞത്. ചെറുതും വലുതുമായ കവിതകളിലൂടെ ദീപ സഞ്ചരിച്ചപ്പോഴെല്ലാം പ്രോത്സാഹനവുമായി ഒപ്പം നിന്നവരാണ് നവമാദ്ധ്യമങ്ങളിലെ കൂട്ടുകാർ. പക്ഷേ,​ ശരീരം കാർന്നുതിന്നുന്ന കാൻസറിന്റെ തീവ്രത അവർക്കാർക്കും കാട്ടിക്കൊടുക്കാൻ ദീപ ആഗ്രഹിച്ചിരുന്നില്ല.

ചിരിച്ചും കളിച്ചും കവിതകൾ ചൊല്ലിയും വേദന മറക്കാൻ ദീപ പ്രത്യേകം ശ്രദ്ധിച്ചു. ദുബായിൽ ഭർത്താവ് മോഹനൊപ്പം താമസിക്കുമ്പോഴാണ് കവിതയുടെ ലോകത്തേക്ക് പറന്നിറങ്ങിയത്. ഫ്ളാറ്റിലെ ഇത്തിരി സ്ഥലത്ത് ഒതുങ്ങിക്കൂടേണ്ടി വന്നപ്പോൾ നാടിന്റെ പച്ചപ്പും സമൃദ്ധിയുമൊക്കെ ഭാവനയുടെ നിറം ചേർത്ത് കവിതകളാക്കി. ബ്ളോഗിൽ കവിതകൾ ഇടം നേടിയപ്പോഴാണ് നാട്ടിലും പുറംനാടുകളിലുമടക്കം വായനക്കാരുണ്ടായത്. ബ്ളോഗിലെഴുതിയ ഇരുനൂറോളം കവിതകൾ ഫേസ് ബുക്കിലും നിറഞ്ഞു.

എഴുതിക്കൂട്ടിയത് ചേർത്ത് 'മോഹവള്ളി' എന്ന പേരിൽ പുസ്തകവുമിറക്കി. തിരുവനന്തപുരത്തെ വാടക വീട്ടിലിരുന്ന് എഴുത്തിന്റെ ലോകത്ത് സജീവമാകാനൊരുങ്ങിയപ്പോഴാണ് രോഗത്തിന്റെ തീവ്രവേദന ദേഹമാകെ പടർന്നത്.

വിദേശത്തായ ഭർത്താവിന് കൊവിഡ് അസൗകര്യംമൂലം നാട്ടിലെത്താൻ കഴിയാത്തതിനാൽ ഇന്നലെ ഉച്ചയോടെ തേവലപ്പുറത്തെ വീട്ടിലെത്തിച്ച മൃതദേഹം വൈകിട്ടോടെ സംസ്കരിച്ചു. മകൻ: ദിമിൻ ടി. മോഹൻ.

''...കനിവിന്റെ കൊക്കയിൽ

തിരയുകയാണ് ഞാൻ

ചുവന്ന റോസാപ്പൂക്കളിൽ

പതുങ്ങിയിരിക്കുന്ന രണ്ടായി

പിളർന്ന ആത്മാക്കളെ''

-ദീപ ടി. മോഹൻ