ഡൽഹിയിൽ നിന്ന് രണ്ടാമത്തെ ട്രെയിനെത്തി  റെഡ് സോണിൽ നിന്ന് 156 പേർ

Wednesday 20 May 2020 12:00 AM IST

തിരുവനന്തപുരം: ന്യൂഡൽഹിയിൽ നിന്നുള്ള രണ്ടാമത്തെ രാജധാനി ഫെയർ സ്പെഷ്യൽ ട്രെയിൻ ഇന്നലെ രാവിലെ 6.15ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തി. 297 യാത്രക്കാരിൽ, 181 പുരുഷന്മാരും 96 സ്ത്രീകളും 20 കുട്ടികളുമാണുണ്ടായിരുന്നത്. ഇതിൽ 156 പേർ റെഡ്‌സോണിൽ നിന്നുള്ളവരാണ്. ഇവരിൽ 37പേരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വീട്ടിൽ നിരീക്ഷണത്തിന് അയച്ചു. ആർക്കും കൊവിഡ് ലക്ഷണങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു.

തിരുവനന്തപുരം 103, കൊല്ലം 74, പത്തനംതിട്ട 68, ആലപ്പുഴ 12, കോട്ടയം 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള വിവരം. തമിഴ്‌നാട്ടിൽ നിന്നുള്ള 39 പേരും ഈ ട്രെയിനിലുണ്ടായിരുന്നു. അതിൽ ഗർഭിണിയായ യാത്രക്കാരിയെ ആംബുലൻസിൽ നാട്ടിലേക്ക് അയച്ചു. യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി ബസുകൾ ഏർപ്പെടുത്തിയിരുന്നു.

മൂന്നാമത്തെ രാജധാനി ഫെയർ സ്പെഷ്യൽ ട്രെയിൻ ഇന്ന് ന്യൂഡൽഹിയിൽ നിന്ന് പുറപ്പെടും.വെള്ളിയാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെത്തും.

സംസ്ഥാനത്തേക്കുള്ള ആദ്യ ശ്രമിക് ട്രെയിനും ഇന്ന് പഞ്ചാബിലെ ജലന്ധറിൽ നിന്ന് പുറപ്പെടും. 22 ന് എത്തിച്ചേരും.ഡൽഹിയിൽ നിന്നും ബംഗളൂരുവിൽ നിന്നുമുള്ള ശ്രമിക് ട്രെയിനുകൾ വരും ദിവസങ്ങളിൽ സംസ്ഥാനത്തെത്തും.