'ആ സമയത്ത് യോഗി ആദിത്യനാഥിന്റെ പ്രസംഗങ്ങള്‍ അദ്ദേഹത്തിന് ഓര്‍മ്മ വന്നിരിക്കില്ല, രക്ഷാപുരുഷനായ നരേന്ദ്ര ദാമോദര്‍ മോഡി...': കുറിപ്പ്

Tuesday 19 May 2020 10:59 PM IST

ഡൽഹിയിലെ ഒരു റോഡരികിൽ, ചുട്ടുപൊള്ളുന്ന വെയിലിരുന്ന് തന്റെ മരിച്ചു പോയ മകനെച്ചൊല്ലി കണ്ണീർ വാർക്കുന്ന രാം പുകാർ പണ്ഡിറ്റിന്റെ ചിത്രമായിരുന്നു ഇന്നലെ സോഷ്യൽ മീഡിയയിലും മാദ്ധ്യമങ്ങളിലുമായി നിറഞ്ഞുനിന്നത്. കെട്ടിട നിർമാണ തൊഴിലാളിയായ പണ്ഡിറ്റിന് ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ അങ്ങ് ബിഹാറിലുള്ള തന്റെ മകന്റെ മുഖം, അവൻ മരിക്കുന്നതിന് മുൻപ് ഒരു തവണ കാണാൻ സാധിച്ചിരുന്നില്ല. സ്വദേശങ്ങളിൽ തിരിച്ചെത്താനാകാതെ രാജ്യത്താകമാനമുള്ള കുടിയേറ്റ തൊഴിലാളികൾ അനുഭവിക്കുന്ന യാതനകളുടെ പ്രതീകമായി മാറുകയായിരുന്നു രാം പുകാർ പണ്ഡിറ്റ്. പണ്ഡിറ്റിനെ പോലെ രാജ്യത്തെ നിരവധി പേർ സഹിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിക്കുകയാണ് മാദ്ധ്യമപ്രവർത്തകനായ ശ്രീജിത് ദിവാകരൻ.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ചുവടെ:

'രാം പുകാര്‍ പണ്ഡിറ്റിന്റെ ആ ദയനീയമായ ഫോട്ടോയിലേയ്ക്ക് നോക്കിയിരിക്കുകയായിരുന്നു.

ഡല്‍ഹിയില്‍ രാം പുകാര്‍ ജോലിയെടുത്ത് ജീവിക്കുന്ന നവാഡ ഉള്‍പ്പെടുന്ന വെസ്റ്റ് ഡല്‍ഹിയിലോ സ്വന്തം സ്ഥലമായ ബീഹാറിലെ ബേഗുസാരായിലോ അദ്ദേഹം കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ മിക്കവാറും ബി.ജെ.പിക്കായിരുന്നിരിക്കണം. ഉറപ്പിച്ച് പറയാനാകില്ലല്ലോ. മിക്കവാറും. ചെയ്തിട്ടുണ്ടായിരുന്നുവെങ്കില്‍ പഴയ ഡല്‍ഹി മുഖ്യമന്ത്രി സാഹേബ് സിങ്ങ് വര്‍മ്മയുടെ മകന്‍ പര്‍വേശ് വര്‍മ്മയ്‌ക്കോ ഗിരിരാജ് സിങ്ങിനോ. പക്ഷേ അവരുടെ വിഷമയവാക്‌ധോരണികള്‍ക്കാകില്ല. അവര്‍ ചെയ്തതോ പറഞ്ഞതിനോ ഒന്നുമാകില്ല.


സര്‍വ്വവിപത്തുകളില്‍ നിന്നും ഇന്ത്യയേയും അതുവഴി മാസം എല്ലുമുറിയെ പണിയെടുത്താന്‍ 8000 രൂപയോ മറ്റോ ലഭിക്കുന്ന തന്റെ ജീവിതത്തേയും ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അവതരിച്ച രക്ഷാപുരുഷനായ നരേന്ദ്ര ദാമോദര്‍ മോഡിക്കുള്ള വോട്ടായിരിക്കും. കഴിഞ്ഞ തവണ വേണ്ടത്ര സമയം ലഭിച്ചില്ല, ഒരിക്കല്‍ കൂടി അദ്ദേഹം ഭരിച്ചാല്‍ മാത്രമേ രക്ഷയുള്ളൂ എന്ന പ്രചരണത്തില്‍ വിശ്വസിച്ചായിരിക്കണം.

കൊടും ചൂടിലും കനത്ത മഞ്ഞിലുമെല്ലാം പണി ചെയ്ത് പണി ചെയ്ത് തളര്‍ന്നൊരിടത്ത് വിശ്രമിക്കുമ്പോള്‍ തന്റെ കയ്യിലില്ലെങ്കിലും സുഹൃത്തുക്കളുടെ കയ്യിലുള്ള വിലകുറഞ്ഞ സെക്കന്‍ഡ് ഹാന്‍ഡ് സ്മാര്‍ട്ട് ഫോണിലെ വാട്‌സ്അപ്പിലൂടെ വരുന്ന മോഡിയുടേയും ഗിരിരാജ്സിങ്ങിന്റേയും അപ്പുറത്തുള്ള ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥന്റേയും പ്രസംഗങ്ങള്‍ കേട്ട് കോരിത്തരിക്കാറുമുണ്ടായിരിക്കും. വര്‍ഷത്തിലൊരിക്കലോ രണ്ട് വട്ടമോ മറ്റോ നാട്ടിലെത്തുമ്പോള്‍ ഡല്‍ഹിയിലെ നേതാക്കളുടെ വാഹനങ്ങള്‍ നിരനിരയായി പോകുന്നതിന്റെ ദൂരദൃശ്യം കണ്ടതിന്റെ കഥ ഭാര്യയോടും മൂത്തമക്കളോടും പൊടിപ്പും തൊങ്ങലോടും കൂടി വര്‍ണിച്ച് കേള്‍പ്പിട്ടുമുണ്ടായിരിക്കും. മകന്‍ വലുതാകുമ്പോള്‍ ഓര്‍ത്ത് വച്ച് ഈ കഥകള്‍ ആവര്‍ത്തിക്കണമെന്നും പദ്ധതിയിട്ടിരിക്കും.

കുഞ്ഞുമകന് വയ്യായെന്നും ഉടന്‍ നാട്ടിലെത്തമെന്നും ഭാര്യ വിളിച്ച് പറയുമ്പോള്‍ ട്രെയ്‌നോ ബസോ ഇല്ലെന്ന നിസഹായത പോലും ഒരു പക്ഷേ അയാളെ ബാധിച്ചിരിക്കില്ല. ബേഗുസരായിലേയ്ക്ക് നടക്കാമെന്ന തീരുമാനമെടുക്കുമ്പോഴും തന്നെ വഴിയില്‍ തടഞ്ഞ് വയ്ക്കുമെന്ന് അയാളോര്‍ത്ത് കാണില്ല. ഗാസിയാബാദില്‍ യു.പി പോലീസിനോട് കെഞ്ചുമ്പോള്‍ യോഗി ആദിത്യനാഥിന്റെ പ്രസംഗങ്ങള്‍ രാം പുകാര്‍ പണ്ഡിറ്റിന് ഓര്‍മ്മ വന്നിരിക്കില്ല. മകന്റെ മരണ വാര്‍ത്തയറിഞ്ഞിട്ടും നാട്ടിലേയ്ക്ക് പോകാനാകാതെ ഗാസിയാബാദിലെ ഫ്‌ളൈ ഓവറിന്റെ താഴെ കിടന്ന് കരഞ്ഞ സമയത്ത് ഒരു പക്ഷേ അയാള്‍ക്ക് മറ്റൊന്നും ഓര്‍മ്മ വന്നിരിക്കില്ല.

അടുത്ത ദിവസങ്ങളില്‍, സ്വന്തം ആരാധ്യപുരുഷന്റെ ഭരണത്തിന്‍ കീഴില്‍,


ഇന്ത്യയുടെ ധനമന്ത്രി താന്‍ അടക്കമുള്ളവരുടെ ജീവിതത്തെ ബാധിച്ച മഹാമാരി മഹത്തായ അവസരമായെടുത്ത് ഇന്ത്യയുടെ മുഴുവന്‍ ആസ്തികളും രാജ്യത്തെ അതിസമ്പന്ന വര്‍ഗ്ഗത്തിന് വിറ്റ് തള്ളുന്നതും സാധാരണ മനുഷ്യരുടെ പട്ടിണിയകറ്റാനോ ദുരിതങ്ങളവസാനിപ്പിക്കാതെ ഒരു പദ്ധതിയും നല്‍കാത്തതും അയാളറിഞ്ഞിരിക്കില്ല. രാം പുകാറിനെ പോലെ ഒരു വഴിയും പരവഴിയുമില്ലാതെ നടന്നും ഇഴഞ്ഞും സൈക്കളേറിയും തീവണ്ടിപ്പാതകളില്‍ സ്വയം തീര്‍ന്നും നാടുപിടിക്കാന്‍ നോക്കുന്ന മനുഷ്യരുടെ കൂടെ ഒരു നിമിഷം ഇരുന്ന പ്രതിപക്ഷ നേതാക്കളിലൊരാളിന്റെ പ്രവര്‍ത്തിയെ തന്റെ എലീറ്റിസ്റ്റ് പുച്ഛം വിഷം പോലെ വിതറി തൃണവല്‍ഗണിച്ചതും തീര്‍ച്ചയായും അയാള്‍ അറിഞ്ഞിരിക്കില്ല.

ഒന്നോ രണ്ടോ തവണമാത്രം നേരിട്ട് കണ്ടിട്ടുള്ള ഒരു വയസുകാരന്റെ മുഖം ഇനിയുള്ള കാലം ഓര്‍ത്തിരിക്കാനാകുമോ എന്നൊരു പക്ഷേ അയാള്‍ ആശങ്കപ്പെടുന്നുണ്ടാകും. അവനെ കൂടുതല്‍ തവണ കാണാന്‍ പാകത്തിന് ഒരു ജോലി തനിക്കുണ്ടായിരുന്നെങ്കില്‍ എത്ര ഭാഗ്യമായിരുന്നേ എന്നും ഓര്‍ക്കുന്നുണ്ടാകും.

(പി.റ്റി.ഐ ഫോട്ടോഗ്രാഫര്‍ അതുല്‍ യാദവിന്റെ ചിത്രം, ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റില്‍ നിന്ന്)'