മാസ്ക് പരിശോധന: ടാസ്ക് ഫോഴ്സ്
തിരുവനന്തപുരം: പൊതുജനങ്ങൾ മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പൊലീസ് ടാസ്ക് ഫോഴ്സിന്റെ ചുമതല ദക്ഷിണമേഖലാ ഐ.ജി ഹർഷിത അട്ടല്ലൂരിക്ക് നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാസ്ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ പാസ് ഇൻ ദ മാസ്ക് എന്ന കാമ്പെയിൻ പുതുമകളോടെ തുടരും. സംസ്ഥാനത്ത് ഇന്നലെ മാസ്ക് ധരിക്കാത്ത 2036ഉം ക്വാറന്റൈൻ ലംഘനത്തിന് 14ഉം കേസുകളെടുത്തു.
പ്രവാസി പരീക്ഷാകേന്ദ്രങ്ങൾ
ഗൾഫ്നാടുകളിലെ പ്രവാസി വിദ്യാർത്ഥികൾക്ക് നീറ്റ് അടക്കമുള്ള പ്രവേശനപരീക്ഷയെഴുതാൻ യാത്രാവിലക്ക് കാരണം പ്രയാസമുള്ള സാഹചര്യത്തിൽ കൂടുതൽ മലയാളികളുള്ള യു.എ.ഇയിലും ഇതര ഗൾഫ് രാജ്യങ്ങളിലും പരീക്ഷാകേന്ദ്രങ്ങൾ തുറക്കണമെന്നഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ജൂലായ് 26നാണ് നീറ്റ് പരീക്ഷ. യാത്രാവിലക്ക് കാരണം ഇങ്ങോട്ടെത്തി പരീക്ഷയെഴുതുക പ്രയാസമാകും.