ചെന്നൈയിൽനിന്ന് മലപ്പുറത്ത്, സുരക്ഷയില്ലാതെ നടുറോഡിൽ

Wednesday 20 May 2020 1:42 AM IST

മലപ്പുറം: ചെന്നൈയിൽ നിന്നെത്തിയ 15 യാത്രക്കാർ സുരക്ഷാമുൻകരുതൽ ഇല്ലാതെ മലപ്പുറം നഗരത്തിലെ ബസ് സ്റ്റോപ്പിൽ മണിക്കൂറുകളോളം ചെലവഴിച്ചു. ഇന്നലെ രാവിലെ 11ഓടെ ടൂറിസ്റ്റ് ബസിലെത്തിയ യാത്രക്കാരെ ജനത്തിരക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് മുന്നിൽ ഇറക്കിവിടുകയായിരുന്നു. വൈകിട്ട് അഞ്ചോടെ എത്തുമെന്നായിരുന്നു യാത്രക്കാരെ ധരിപ്പിച്ചിരുന്നത് വാളയാറിലെ പരിശോധനകൾ വേഗത്തിൽ പൂർത്തിയായതോടെ നേരത്തെ എത്തി. എന്നാൽ,കൂട്ടിക്കൊണ്ടുപോകാനുള്ള വാഹനങ്ങളെത്തിയിരുന്നില്ല. ഒരാൾ ചെന്നൈയിൽ നിന്നുള്ള യാത്രക്കാരനാണെന്ന് അറിയിക്കാതെ ഓട്ടോറിക്ഷ വിളിച്ച് വീട്ടിലേക്ക് മടങ്ങി. ഉച്ചയ്ക്ക് ഒരുമണിക്കാണ് അവസാന യാത്രക്കാരൻ പോയത്. ബന്ധുക്കളുടെ ബൈക്കുകളിൽ മടങ്ങിയവരുമുണ്ട്.

ചിലർ ഭക്ഷണവും വെള്ളവും വാങ്ങിക്കാനെത്തിയതോടെ കടക്കാരാണ് പൊലീസിനെ അറിയിച്ചത്. പൊലീസെത്തി ശേഷിച്ചവരെ ബന്ധുക്കളുടെ കൂടെ പറഞ്ഞയച്ചു. യാത്രക്കാ‌രെ ആരോഗ്യവകുപ്പ് അധികൃതർ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. സ‌ർക്കാർ ഏർപ്പെടുത്തിയ കൊവിഡ് കെയർ സെന്ററുകളിലാണ് പലരും.

ചെന്നൈ മലയാളി അസോസിയേഷൻ ഏർപ്പെടുത്തിയ ബസിൽ മലപ്പുറം ജില്ലക്കാരായ 25 പേരാണുണ്ടായിരുന്നത്. ഒരാൾ വാളയാറിലും മറ്റുള്ളവർ മലപ്പുറത്തെ വിവിധ സ്റ്റോപ്പുകളിലുമിറങ്ങി. ഫയർഫോഴ്സെത്തി ബസ് സ്റ്റാന്റും പരിസരവും അണുവിമുക്തമാക്കി. എടവണ്ണ സ്വദേശിയായ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.