കർശന നിയന്ത്രണങ്ങളോടെ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പുനരാരംഭിച്ചു
തിരുവനന്തപുരം: ലോക്ക്ഡൗൺ ആയത് മുതൽ നിർത്തിവച്ചിരുന്ന കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ രാവിലെ മുതല്‍ ആരംഭിച്ചു. സർക്കാർ നിർദേശമനുസരിച്ച് ജില്ലകൾക്കകത്ത് മാത്രമാണ് സര്‍വീസുകള്‍ നടക്കുന്നത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണ് സര്‍വീസ്. യാത്രക്കാരുടെ ആവശ്യം പരിശോധിച്ച് സര്‍വീസ് ക്രമീകരിക്കാനാണ് കെ.എസ്.ആര്‍..ടി.സി ഉദ്ദേശിക്കുന്നത്. അമ്പത് ശതമാനത്തോളം ജീവനക്കാരെ നിയോഗിച്ചാണ് സര്‍വീസ് നടത്തുന്നത്.
ബസിലെ പുറകുവശത്തെ വാതിലിലൂടെ മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കുകയുള്ളു. മുന്‍വാതിലൂടെ പുറത്തിറങ്ങണം. സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുമാത്രമേ യാത്ര അനുവദിക്കൂ. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. സാമൂഹിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കിയ ശേഷമേ ബസിനകത്ത് പ്രവേശിക്കാന്‍ പാടുള്ളു. ഓര്‍ഡിനറിയായി മാത്രമേ ബസുകള്‍ സര്‍വ്വീസ് നടത്തുകയുള്ളു.
സംസ്ഥാനത്തൊട്ടാകെ 1,850 ഷെഡ്യൂള്‍ സര്‍വീസുകളാണ് ജില്ല അടിസ്ഥാനത്തില്‍ ആരംഭിച്ചിരിക്കുന്നത്. യാത്രക്കാരുടെ ആവശ്യവും ബാഹുല്യവും അനുസരിച്ച് മാത്രമേ സര്‍വ്വീസ് നടത്തുകയുള്ളുവെന്നാണ് സർക്കാർ തീരുമാനം. രാവിലെ 7 മുതൽ 11 വരെയും വൈകുന്നേരം 4 മുതൽ 7 വരെയും കൂടുതൽ ബസുകൾ സർവീസ് നടത്തും.