കാസർകോട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 40 അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് കാൽനടയ്‌ക്ക് ഒരുങ്ങി, പൊലീസ് തടഞ്ഞു

Friday 22 May 2020 12:36 PM IST

ചെറുവത്തൂർ: ലോക്ക്ഡൗണിൽ രണ്ട് മാസത്തോളമായി ജോലിയില്ലാത്തതോടെ നാട്ടിലേക്ക് കാൽനടയായി യാത്രപുറപ്പെട്ട ബീഹാർ സ്വദേശികളെ പൊലീസ് തടഞ്ഞു. കാലിക്കടവിൽ താമസിക്കുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 40 ബിഹാർ സ്വദേശികളാണ് ഇന്ന് രാവിലെയോടെ കാൽനടയായി നാട്ടിലേക്ക് പുറപ്പെട്ടത്. വിവരം അറിഞ്ഞ് ചന്ദേര സി.ഐ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് പടുവളത്ത് ദേശീയപാതയിൽ ഇവരെ തടഞ്ഞു.

കാലിക്കടവിലെ താമസം ഒഴിവാക്കി കെട്ടിട ഉടമയെ താക്കോൽ തിരികെ ഏൽപ്പിച്ചതായും ഇനി താമസിക്കാൻ ഇടമില്ലെന്നും ഇവർ മറുപടി നൽകി. എന്നാൽ, താക്കോൽ തിരികെ വാങ്ങി തരാമെന്നും ബിഹാർ-കേരള സംസ്ഥാന സർക്കാരുകളുടെ അനുമതി ലഭ്യമാക്കിയ ശേഷമേ പോകാൻ അനുവാദം തരൂയെന്നും പറഞ്ഞ് പൊലീസ് ഇവരെ തിരികെ താമസ സ്ഥലത്ത് എത്തിച്ചു.