പുനലൂരിൽ എക്സ്റേ എടുക്കാനെത്തിയ യുവതിയെ കടന്നുപിടിച്ചു, പ്രതി അറസ്റ്റിൽ
Friday 22 May 2020 5:26 PM IST
കൊല്ലം: എക്സ്റേ എടുക്കാനെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്കാനിംഗ് സെന്റർ ജീവനക്കാരൻ അറസ്റ്റിൽ. കടക്കൽ ചുണ്ട ടി.ടി. ഹൗസിൽ തൻസീറിനെയാണ്(25) പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കടുത്ത നടുവേദനയെ തുടർന്നാണ് യുവതിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പരിശോധിച്ച ഡോക്ടർ എക്സ്റേ എടുക്കാൻ ആവശ്യപ്പെട്ടു. ഇതിൻപ്രകാരം പുനലൂർ സിറ്റി സ്കാനിംഗ് സെന്ററിൽ എത്തിയപ്പോഴായിരുന്നു പീഡന ശ്രമം. വനിതാ സ്റ്റാഫ് ഉണ്ടായിരുന്നില്ല. പ്രതി കടന്നുപിടിച്ചതോടെ കുതറി രക്ഷപ്പെട്ട യുവതി പുനലൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് എസ്.ഐ രാജ്കുമാറിന്റെ നേതൃത്വത്തിൽ തൻസീറിനെ അറസ്റ്റ് ചെയ്തത്.