കൊവിഡ്: നിയമലംഘകർക്ക് കർശന താക്കീതുമായി യു.എ.ഇ

Friday 22 May 2020 9:16 PM IST

UAE

അബുദാബി: കൊവിഡ് നിയമങ്ങളും നിയന്ത്രണങ്ങളും കൂടുതൽ കർശനമാക്കി യു.എ.ഇ. മാസ്ക്ക് ധരിക്കാത്തത് മുതൽ ക്വാറന്റീൻ ലംഘനം വരെയുള്ള നിയമലംഘനങ്ങൾക്ക് ശിക്ഷ വർദ്ധിപ്പിച്ചു. അതേസമയം, കൊവിഡ് പ്രതിരോധത്തിനായുള്ള അണുനശീകരണ പ്രക്രിയയും നിയന്ത്രണവും ഇന്നലെ തുടങ്ങി രാത്രി എട്ടു മണി മുതലായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

യു.എ.ഇയിൽ കൊവിഡ് നിയമ ലംഘനം നടത്തുന്നവരുടെ വിശദാംശങ്ങളും ഫോട്ടോയും മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നാണ് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുന്നത്. ക്വാറന്റീൻ നിയമം ലംഘിച്ചാൽ 50,000 ദിർഹമാണ് പിഴ. നിയമലംഘനം ആവർത്തിച്ചാൽ കേസ് കോടതിയിലേക്കു മാറ്റും. നിയമ ലംഘകർക്ക് പരമാവധി 6 മാസം തടവോ 1 ലക്ഷം ദിർഹം പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കും. തെർമൽ സ്കാനർ സ്ഥാപിക്കാത്ത സ്ഥാപനങ്ങൾക്ക് 20,000 ദിർഹമാണ് പിഴശിക്ഷ. ഓഫിസിൽ ജീവനക്കാർ മാസ്ക് ധരിക്കാതിരുന്നാൽ കമ്പനിക്ക് 5000 ദിർഹവും ജീവനക്കാരന് 500 ദിർഹവും പിഴശിക്ഷയുണ്ടാകും.

കമ്പനിയിൽ ഒരേസമയം 30 ശതമാനത്തിൽ കൂടുതൽ പേരെ ജോലി ചെയ്യിപ്പിച്ചാൽ 3000 ദിർഹമാണ് ശിക്ഷ. കാറിൽ 3 പേരിൽ കൂടുതൽ യാത്ര ചെയ്യുകയും മാസ്ക് ധരിക്കാതിരിക്കുകയും ചെയ്താലും ഇതേപിഴശിക്ഷ നൽകേണ്ടിവരും.