എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ കുട്ടികൾക്ക് മാസ്ക് വീട്ടിലെത്തിക്കും, അദ്ധ്യാപകർക്ക് ഗ്ളൗസ് നിർബന്ധം

Saturday 23 May 2020 1:58 AM IST

SSLC

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷാ നടത്തിപ്പിൽ ഒരാശയക്കുഴപ്പവുമില്ലെന്നും, കർശന ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാകും 26 മുതൽ 30 വരെ പരീക്ഷ നടത്തുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എല്ലാവർക്കും പരീക്ഷയെഴുതാനും, ഉപരിപഠനത്തിന് യോഗ്യത നേടാനുമുള്ള അവസരമൊരുക്കും. പരീക്ഷയെഴുതാൻ കഴിയാത്തവർക്ക് 'സേ' പരീക്ഷയ്ക്കൊപ്പം റഗുലർ പരീക്ഷ നടത്തും. പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമാക്കൽ, പരീക്ഷാ കേന്ദ്രങ്ങൾ മാറ്റി നൽകൽ, ചോദ്യപേപ്പറുകളുടെ സുരക്ഷ, വിദ്യാർത്ഥികളുടെ യാത്രാ സൗകര്യം എന്നിവയ്ക്കുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ക്വാറന്റൈൻ കേന്ദ്രങ്ങളുള്ള സ്കൂളുകളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവില്ല. ഗൾഫിൽ പരീക്ഷയ്ക്ക് അനുമതിയായി. ലക്ഷദ്വീപിലും ക്രമീകരണങ്ങളായി.

കുട്ടികൾ പാലിക്കേണ്ട മുൻകരുതലുകളടങ്ങിയ അറിയിപ്പും മാസ്കും മുൻകൂട്ടി വീടുകളിലെത്തിക്കും. എല്ലാ വിദ്യാർത്ഥികളെയും തെർമൽ സ്ക്രീനിംഗിന് വിധേയമാക്കും. ഇതിനായി അയ്യായിരം ഐആർ തെർമോമീറ്റർ വാങ്ങും. വൈദ്യപരിശോധന വേണ്ടവർക്ക് അതിനുള്ള സംവിധാനം സ്കൂളുകളിലുണ്ടാവും. സാനിറ്റൈസർ, സോപ്പ് എന്നിവ എല്ലായിടത്തും ലഭ്യമാക്കും. അദ്ധ്യാപകർ ഗ്ലൗസ് ധരിക്കണം. ഉത്തരക്കടലാസ് ഏഴുദിവസം പരീക്ഷാ കേന്ദ്രത്തിൽസൂക്ഷിക്കും. പരീക്ഷ കഴിഞ്ഞെത്തുന്ന കുട്ടികൾ കുളിച്ച് ദേഹം ശുചിയാക്കിയ ശേഷമേ വീട്ടുകാരുമായി ഇടപഴകാവൂ. പരീക്ഷ നടക്കുന്ന എല്ലാ സ്കൂളുകളും ഫയർഫോഴ്സ് അണുവിമുക്തമാക്കും.

മറ്റു സംസ്ഥാനക്കാർക്ക്

പ്രത്യേക സൗകര്യം

മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വിദ്യാർത്ഥികള്‍ക്ക് 14 ദിവസം ക്വാറന്റൈൻ വേണമെന്നതിനാൽ ,അവര്‍ക്കും, കണ്ടെൻമെന്റ് സോണുകളിലും, ഹോം ക്വാറന്റൈനുള്ള വീടുകളിലും നിന്ന് വരുന്ന കുട്ടികൾക്കും പരീക്ഷയ്ക്ക് പ്രത്യേക സൗകര്യമൊരുക്കും.

എസ്.എസ്.എൽ.സിക്ക് 1866, ഹയർസെക്കൻഡറിക്ക് 8835, വി.എച്ച്.എസ്.ഇക്ക് 219 എന്നിങ്ങനെ 10920 കുട്ടികൾ പരീക്ഷാകേന്ദ്രം മാറാൻ അപേക്ഷിച്ചു. ഇവർക്കുള്ള ചോദ്യപേപ്പറുകൾ വിദ്യാഭ്യാസ ഓഫീസർമാർ പുതിയ കേന്ദ്രത്തിലെത്തിക്കും. പരീക്ഷ ഏകോപിപ്പിക്കുന്നതിനും സംശയദൂരീകരണത്തിനുമായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ജില്ലകളിലെ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളിലും ഇന്നു മുതൽ വാർ റൂമുകൾ പ്രവർത്തിക്കും.

പരീക്ഷ നടത്തണമെന്നത് സംസ്ഥാന സർക്കാ‌രിന്റെ തീരുമാനമാണ്. അതിനുശേഷം കേന്ദ്രത്തിന്റെ അനുമതി തേടിയതാണ്.

-പിണറായി വിജയൻ

മുഖ്യമന്ത്രി

പരീക്ഷ എഴുതുന്നവർക്ക്

മാസ്കുകൾ വീടുകളിലെത്തി

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.സി പരീക്ഷകൾക്ക് ദിവസങ്ങൾ മാത്രം ശേഷിക്കേ വിദ്യാർത്ഥികൾക്കുള്ള മാസ്കുകൾ വീടുകളിൽ എത്തിച്ചു തുടങ്ങി. സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ 14 ലക്ഷം മാസ്കുകൾ തയ്യാറാക്കിയിട്ടുണ്ട്. 13 ലക്ഷത്തോളം വിദ്യാർത്ഥികളാണ് മൂന്ന് വിഭാഗങ്ങളിലായി പരീക്ഷയെഴുതുന്നത്. എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് സമഗ്ര ശിക്ഷാ കേരളത്തിന്റെ വോളണ്ടിയർമാരും ഹയ‌ർസെക്കൻഡറിക്കാർക്ക് എൻ.എസ്.എസും മാസ്കും പ്രതിരോധ നിർദേശങ്ങളടങ്ങിയ ലഘുകുറിപ്പും എത്തിക്കുന്നു.