പദ്മരാജൻ പുരസ്കാരം: മികച്ച നോവൽ സമുദ്രശില, സംവിധായകൻ മധു സി.നാരായണൻ
Saturday 23 May 2020 2:00 AM IST
തിരുവനന്തപുരം: പദ്മരാജൻ മെമ്മോറിയൽ ട്രസ്റ്റിന്റെ സാഹിത്യ, ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള ആദ്യ പുരസ്കാരത്തിന് സുഭാഷ് ചന്ദ്രന്റെ 'സമുദ്രശില' അർഹമായി. 20,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. മികച്ച ചെറുകഥയായി (15,000 രൂപ) സാറാ ജോസഫിന്റെ 'നീ' തിരഞ്ഞെടുത്തു. 'കുമ്പളങ്ങി നൈറ്റ്സ്' ഒരുക്കിയ മധു സി. നാരായണൻ മികച്ച സംവിധായകനായി (25,000 രൂപ). സജിൻബാബുവാണ് മികച്ച തിരക്കഥാകൃത്ത് (15,000 രൂപ) ചിത്രം : ബിരിയാണി. 'ഉയരെ'യുടെ തിരക്കഥയ്ക്ക് ബോബി, സഞ്ജയ് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
പ്രസന്നരാജൻ, ശ്യാമപ്രസാദ് എന്നിവർ ചെയർമാൻമാരായ ജൂറിയാണ് നിർണയം നടത്തിയത്. പുരസ്കാരദാനചടങ്ങ് പിന്നാലെ അറിയിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി ബൈജു ചന്ദ്രൻ, സെക്രട്ടറി പ്രദീപ് പനങ്ങാട് എന്നിവർ അറിയിച്ചു.