24 മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത, ഇടിമിന്നലിൽ ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്

Saturday 23 May 2020 10:26 AM IST

തിരുവനന്തപുരം: അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം , ആലപ്പുഴ, പത്തനംതിട്ട, എറണാകുളം,തൃശൂർ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി മുന്നറിയിപ്പുള്ളത്. ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മത്സ്യതൊഴിലാളികളും ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതേസമയം കഴിഞ്ഞദിവസം ശക്തമായ മഴ അനുഭവപ്പെട്ട തിരുവനന്തപുരം ജില്ലയിൽ മഴയുടെ തോത് കുറഞ്ഞെങ്കിലും കഴിഞ്ഞ ദിവസം വെള്ളത്തിനടിയിലായ പ്രദേശങ്ങളിൽ നിന്നും വെള്ളം പൂർണമായും ഇറങ്ങി തുടങ്ങിയിട്ടില്ല. തിരുവനന്തപുരം നഗരത്തിൽ കരമനയാർ കരകവിഞ്ഞതിനെ തുടർന്ന് ഇന്നലെ വെള്ളത്തിലായ അട്ടക്കുളങ്ങര ബൈപ്പാസ് റോഡിലെ വെള്ളം ഇറങ്ങി.എന്നാൽ കരിമഠം, ബണ്ട് റോഡ് കോളനികളിൽ നിന്നും വെള്ളം പൂർണമായും ഇറങ്ങിപ്പോയിട്ടില്ല. ജില്ലയുടെ കിഴക്കൻ മേഖലകളായ കാട്ടാക്കട, കുറ്റിച്ചൽ, നെടുമങ്ങാട് പ്രദേശങ്ങളിലും വെള്ളപ്പൊക്ക കെടുതികൾക്ക് പരിഹാരമായിട്ടില്ല. ഇവിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങളും വീടുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. വ്യാപകമായ കൃഷിനാശമാണ് ഇവിടങ്ങളിൽ റിപ്പോർട്ടായിട്ടുള്ളത്. പോത്തൻകോട്, വെമ്പായം, വെഞ്ഞാറമൂട്, കിളിമാനൂർ മേഖലകളിലും വെള്ളപ്പൊക്കം മൂലം കൃഷി നാശമുണ്ടായിട്ടുണ്ട്. അതേസമയം വിവിധ സ്ഥലങ്ങളിൽ നിന്നായി വെള്ളപ്പൊക്കത്തെ തുടർന്ന് ഒഴിപ്പിച്ച കുടുംബങ്ങൾ രണ്ടാം ദിവസമായ ഇന്നും ക്യാമ്പുകളിൽ തുടരുകയാണ്.

മുടവൻമുകൾ ഭാഗത്ത് വീടുകളിൽ വെളളം കയറിയ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ച 77 കുടുംബങ്ങൾ പൂജപ്പുരയിലും കരമന കാലടിയിൽ നിന്നൊഴിപ്പിച്ച 91 കുടുംബങ്ങൾ നെടുങ്കാടും 31 കുടുംബങ്ങൾ പൂഴിക്കുന്നിലും ക്യാമ്പുകളിൽ തുടരുകയാണ്. ഇവർക്ക് ഭക്ഷണമുൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കാൻ ജില്ലാ ഭരണകൂടവും നഗരസഭയും രംഗത്തുണ്ട്. വെള്ളപ്പൊക്കകെടുതികൾ നേരിട്ട സ്ഥലങ്ങളിലെ നാശ നഷ്ടങ്ങൾ വിലയിരുത്താൻ റവന്യു ഉദ്യോഗസ്ഥർ ഇന്ന് പ്രദേശങ്ങൾ സന്ദർശിക്കും. കാലവർഷകാലത്ത് വെള്ളപ്പൊക്ക കെടുതികൾ ഒഴിവാക്കാനും വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്രാനാവശ്യമായ നടപടികളും ഉദ്യോഗസ്ഥ‌ർ വിലയിരുത്തും.