ജി.എസ്.ടി.ക്ക് മേൽ സെസ് ഏർപ്പെടുത്താനുള്ള കേന്ദ്ര നീക്കം തെറ്റ്, കേരളം ഇതിനെ എതിർക്കുമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: ജി.എസ്.ടി.ക്ക് മേൽ സെസ് ഏർപ്പെടുത്താനുള്ള കേന്ദ്ര നീക്കം തെറ്റാണെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളം ഇൗ നീക്കത്തെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലം കഴിഞ്ഞ് നികുതിയെക്കുറിച്ച് ആലോചിക്കാം.ജി.എസ്.ടി.ക്ക് മേൽ സെസ് ഏർപ്പെടുത്തുന്നതു സംബന്ധിച്ച് നേരത്തെയും ചർച്ച നടത്തിയിരുന്നു. അന്ന് സംസ്ഥാനങ്ങളെല്ലാം എതിർത്തു. പ്രളയ സെസുമായി ഇതിനെ താരതമ്യപ്പെടുത്തരുത്. ഇത് ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കലാണ്. അധികനികുതി വരുമാനം ഉണ്ടാകുമെന്ന് പറയാനാകില്ല. സെസ് ഏർപ്പെടുത്തൽ തീരുമാനം നടപ്പാകാനിടയില്ല. സംസ്ഥാനങ്ങളുടെ ഭൂരിപക്ഷം അതിന് ലഭിക്കില്ല- മന്ത്രി പറഞ്ഞു.
റവന്യു വരുമാനത്തിനു വേണ്ടി മദ്യശാലകൾ തുറക്കേണ്ട കാര്യമില്ലെന്നും ബെവ്കോ ആപ്പ് നിർമ്മാണം സ്റ്റാർട്ട് അപ്പിനെ ഏൽപ്പിച്ചതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ജി.എസ്.ടിയിൽ സെസ് ചുമത്താൻ കേന്ദ്രം ഒരുങ്ങുന്നത്. അഞ്ച് ശതമാനം സ്ലാബിന് മുകളിലുള്ള ജി.എസ്.ടി. വരുമാനത്തിൽ അത്യാഹിത സെസ് (കലാമിറ്റി സെസ്) ചുമത്തുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്.വരുന്ന ജി.എസ്.ടി. കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തേക്കും.
പ്രളയ സമയത്ത് കേരളത്തിൽ ഇത്തരത്തിൽ രണ്ട് വർഷത്തേക്ക് ഒരു ശതമാനം സെസ് ചുമത്തിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ജി.എസ്.ടിയിലൂടെ കൂടുതൽ വരുമാനം കണ്ടെത്തി നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്രം ആലോചിക്കുന്നത്.