തലസ്ഥാനത്ത് തക്കാളിക്ക് വില വെറും 3 രൂപ!
ന്യൂഡൽഹി: ഡൽഹിയിൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തക്കാളി വില കിലോയ്ക്ക് മൂന്നു രൂപയിലേക്ക് താഴ്‌ന്നു. കഴിഞ്ഞ മൂന്നുവർഷത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ വില നാലു രൂപ മുതൽ 10 രൂപവരെയാണ്. കഴിഞ്ഞവർഷം മേയിൽ ഇവിടങ്ങളിൽ വില കിലോയ്ക്ക് 34 രൂപവരെയായിരുന്നു. കൊച്ചിയിൽ റീട്ടെയിൽ വില കിലോയ്ക്ക് 20 രൂപയാണ്.
അധിക ഉത്‌പാദനവും ലോക്ക്ഡൗണിൽ ഡിമാൻഡ് കുത്തനെ കുറഞ്ഞതുമാണ് വിലത്തകർച്ചയ്ക്ക് കാരണം. ഹരിയാന, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് ഡൽഹിയിൽ തക്കാളി എത്തുന്നത്. ഹൈദരാബാദിൽ കഴിഞ്ഞവർഷം മേയിലെ 34 രൂപയിൽ നിന്നാണ് കഴിഞ്ഞദിവസം വില 4-5 രൂപയിലേക്ക് താഴ്‌ന്നത്. ബംഗളൂരുവിലെ മൊത്ത വിപണിയിൽ വില കിലോയ്ക്ക് 30 രൂപയിൽ നിന്ന് പത്തു രൂപയിലേക്ക് ഇടിഞ്ഞു.
പ്രമുഖ ഉത്‌പാദക-സംഭരണ കേന്ദ്രങ്ങളായ കർണാടകയിലെ കോലാപ്പൂർ, ആന്ധ്രാപ്രദേശിലെ ചിറ്റൂർ എന്നിവിടങ്ങളിൽ തക്കാളി സംരംഭരിക്കുന്നത് കിലോയ്ക്ക് 3-8 രൂപയ്ക്കാണ്. കഴിഞ്ഞവർഷം ഇതേകാലയളവിൽ സംഭരണം 14-35 രൂപയ്ക്കായിരുന്നു. ആന്ധ്രയും കർണാടകയും ചേർന്ന് ഈവർഷം ഇതുവരെ 42 ലക്ഷം ടൺ തക്കാളിയാണ് ഉത്‌പാദിപ്പിച്ചത്.
111 ലക്ഷം ടൺ
ഇന്ത്യക്കാർ പ്രതിവർഷം വാങ്ങുന്ന തക്കാളി.
193.28 ലക്ഷം ടൺ
കഴിഞ്ഞ സാമ്പത്തിക വർഷം (2019-20) ഇന്ത്യയുടെ മൊത്തം തക്കാളി ഉത്പാദനം