ഇന്ന് കരുതലിന്റെ ചെറിയ പെരുന്നാൾ

Sunday 24 May 2020 12:00 AM IST

കോഴിക്കോട്: വ്രത ശുദ്ധിയുടെ 30 ദിനരാത്രങ്ങൾ പൂർത്തിയാക്കി വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കും. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വീടുകളിലാണ് പെരുനാൾ നമസ്‌കാരം നടക്കുന്നത്. മുപ്പത് വ്രതം പൂർത്തിയാക്കിയ ഇന്നലെ സന്ധ്യയ്‌ക്ക് തക്ബീർ ധ്വനികളോടെ ഫിത്വർ സക്കാത്ത് വിതരണം ചെ‌യ്‌ത് ചെറിയ പെരുന്നാളിനു തുടക്കമിട്ടു. ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാൾ.

കുടുംബ, സുഹൃദ് ഭവന സന്ദർശനവും യാത്രകളും ഒഴിവാക്കി വിശ്വാസികൾ കൊവിഡ് പ്രതിരോധത്തോട് സഹകരിക്കണമെന്ന് വിവിധ മുസ്ലിം മത നേതാക്കൾ ഈദ് സന്ദേശത്തിൽ അഭ്യർത്ഥിച്ചു. ഈദ് പ്രസംഗം ലൈവായി സാമൂഹ മാദ്ധ്യമങ്ങൾ വഴി കാണിക്കുന്നതിന് ജമാ-അത്തുകൾ സൗകര്യം ഒരുക്കിയിട്ടുണ്ട്.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജം ഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ‌ലിയാർ, കെ.എൻ.എം. പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി, ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.എ. അബ്ദുൾ അസീസ്, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ തുടങ്ങിയവർ ഈദ് ആശംസകൾ നേർന്നു.

ന​ബി​ ​വ​ച​നം​ ​(​ ​കൊ​വി​ഡ് ​കാ​ലം)

'​ഒ​രു​ ​പ്ര​ദേ​ശ​ത്ത് ​മ​ഹാ​മാ​രി​യു​ണ്ടെ​ന്ന് ​അ​റി​ഞ്ഞാ​ൽ​ ​ആ​ ​നാ​ട്ടി​ലേ​ക്ക് ​നി​ങ്ങ​ൾ​ ​പോ​വ​രു​ത്,​ ​നി​ങ്ങ​ൾ​ ​താ​മ​സി​ക്കു​ന്ന​ ​പ്ര​ദേ​ശ​ത്ത് ​മ​ഹാ​മാ​രി​ ​പി​ടി​പെ​ട്ടാ​ൽ​ ​അ​വി​ടെ​ ​നി​ന്നു​ ​നി​ങ്ങ​ൾ​ ​പു​റ​ത്തു​ ​ക​ട​ക്ക​രു​ത്".
-​ ​പ്ര​വാ​ച​ക​ൻ​ ​മു​ഹ​മ്മ​ദ് ​ന​ബി