ഇടത് സർക്കാർ സമ്പൂർണ്ണ പരാജയം: ചെന്നിത്തല
തിരുവനന്തപുരം: അധികാരത്തിൽ നാല്വർഷം പൂർത്തിയാക്കുന്ന ഇടതുസർക്കാർ എല്ലാ മേഖലകളിലും പൂർണമായി പരാജയപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ചെന്നിത്തല രചിച്ച 'ഭരിച്ചു മുടിച്ച 4 വർഷങ്ങൾ' എന്ന പുസ്തകം യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ പ്രകാശനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും മുഖമുദ്രയായി. ധനമന്ത്രി ഡോ.തോമസ് ഐസക്ക് മുടിയനായ പുത്രനാണെന്നും അദ്ദേഹം പറഞ്ഞു.
ചെന്നിത്തലയുടെ
മറ്റാരോപണങ്ങൾ
നവകേരള നിർമ്മാണം ഒരിഞ്ചും മുന്നേറിയില്ല
റീബിൽഡ് കേരള പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ചർച്ചകളിലൊതുങ്ങി
ഒരു വൻകിട പദ്ധതിയും നടപ്പാക്കാനായില്ല
കാർഷിക മേഖല തകർന്നു
വ്യവസായമേഖല ആദ്യം ലാഭത്തിലായെങ്കിലും ഇപ്പോൾ നഷ്ടത്തിൽ
പ്രളയ ദുരിതാശ്വാസ ഫണ്ടിൽ ചെലവിടാതെ 2120 കോടി
ബഡ്‌ജറ്റ് പാക്കേജുകളുടെ ശവപ്പറമ്പായി
ക്രമസമാധാനനില തകർന്നു, ആഭ്യന്തര, ഐ.ടി വകുപ്പുകൾ അഴിമതിയുടെ കൂത്തരങ്ങായി
കിഫ്‌ബി അഴിമതിയുടെ കൂടാരം
ആ വെള്ളമങ്ങ് വാങ്ങിവച്ചേക്കാൻ എൽ.ഡി.എഫിനോട് ചെന്നിത്തല
തിരഞ്ഞെടുപ്പ് അടുത്തതോടെ എൽ.ഡി.എഫിന് വേവലാതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിട്ടാൽ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ അനുഭവം ഉണ്ടാകുമെന്ന് ബോദ്ധ്യമുള്ളതിനാലാണ് മറ്റ് കക്ഷികളെ അടർത്തിയെടുക്കാൻ നോക്കുന്നത്. ആ വെള്ളം അവർ വാങ്ങിവച്ചാൽ മതി. യു.ഡി.എഫിലെ എല്ലാ കക്ഷികളും പരസ്പര വിശ്വാസത്തോടെ, ഒറ്റക്കെട്ടായി മുന്നോട്ട് പോകും. മുന്നണിയിൽ ഒരു തരത്തിലുള്ള ആശങ്കയുമില്ലെന്നും എന്തെല്ലാം പ്രചാരവേലകൾ നടത്തിയാലും എൽ.ഡി.എഫിന് ക്ളച്ച് പിടിക്കാനാകില്ലെന്നും ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.