ധൂർത്തിൽ ഇടത് സർക്കാരും പിന്നിലല്ല : കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ അഴിമതിയും ധൂർത്തും പ്രചാരണായുധമാക്കി അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാരും ധൂർത്തിൽ പിന്നിലല്ലെന്ന് തെളിയിച്ചതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.
യു.ഡി.എഫ് സർക്കാർ ചീഫ് വിപ്പിന് കാബിനറ്റ് പദവി നൽകിയത് ധൂർത്താണെന്ന് ആരോപിച്ചവർ , പിന്നീട് അധികാരമേറ്റപ്പോൾ അത് തന്നെ ചെയ്തു. യു.ഡി.എഫ് മന്ത്രിമാർക്കെതിരായ അഴിമതിക്കേസുകളൊന്നും എവിടെയുമെത്തിയില്ല. അഴിമതിയെ എതിർക്കാർ ജേക്കബ് തോമസിനെ വിജിലൻസ് മേധാവിയാക്കിയവർ, സി.പി.എമ്മിന്റെ ഉന്നതരെ തൊട്ടപ്പോൾ അദ്ദേഹത്തെ പുറത്താക്കി. കിഫ്ബിയിലും ഓഡിറ്റൊന്നും വേണ്ടെന്നാണ് തീരുമാനം.
കേന്ദ്രം സഹായിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. കേന്ദ്ര നികുതി വിഹിതം 42 ശതമാനമാക്കിയത് ബി.ജെ.പി സർക്കാരാണ്. സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച നികുതി പിരിച്ചെടുക്കാൻ കഴിയാത്തത് കേന്ദ്രത്തിന്റെ കുറ്റം കൊണ്ടാണോ ? കേന്ദ്രസർക്കാർ 2250 കോടി മുടക്കി കൂടംകുളത്ത് നിന്നുള്ള വൈദ്യുതി കൊണ്ടുവരുന്നതിനെ എൽ.ഡി.എഫ് മുഖ്യമന്ത്രി അച്യുതാനന്ദൻ എതിർത്തതാണ്. പവർഗ്രിഡ് കോർപ്പറേഷൻ കോടതിയിൽ പോയാണ് അനുമതി നേടിയെടുത്തത്. ഇപ്പോൾ അതും സംസ്ഥാന സർക്കാരിന്റെ നേട്ടമായി ചിത്രീകരിക്കുന്നു- സുരേന്ദ്രൻ പറഞ്ഞു.