കേരളം കൊവിഡ് കേസുകൾ കുറച്ചു കാണിക്കുന്നു : ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ
ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്തെത്തി. സംസ്ഥാനം കൊവിഡ് കേസുകൾ കുറച്ചുകാണിക്കുകയാണെന്നും തങ്ങളുടെ വീഴ്ചമറയ്ക്കാൻ പ്രവാസികളെ കരുവാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പ്രവാസികളെ സമൂഹ വ്യാപനത്തിന്റെ വാഹകരായി മന്ത്രിമാർ ചിത്രീകരിക്കുന്നു.എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നതെന്ന് മന്ത്രിമാർ വ്യക്തമാക്കണം.
മേയിലാണ് പ്രവാസികളുടെ മടക്കം തുടങ്ങിയത്. ഏപ്രിലിൽ തന്നെ മുപ്പതോളം കേസുകളുടെ ഉറവിടം കണ്ടെത്താനായിരുന്നില്ല. കേസുകൾ കുറച്ച് കാണിക്കാൻ പരിശോധനകൾ കുറച്ച് നടത്തുന്നു.പരിശോധനയുടെ കാര്യത്തിൽ കേരളം ഇരുപത്താറാം സ്ഥാനത്താണ്. എന്നാൽ കളളക്കണക്കിൽ ഒന്നാമതും. സാമൂഹ്യവ്യാപനം ഒഴിവാക്കാനുള്ള ഐ.സി.എം.ആർ നിർദ്ദേശവും പിന്തുടരുന്നില്ല.ലോകം കേരള മോഡലിൽ തെറ്റിദ്ധരിച്ചിരിക്കുകയാണ്.
പെയ്ഡ് ക്വാറന്റൈനിലും പ്രവാസികളെ കബളിപ്പിച്ചു. കേന്ദ്രത്തിന്റെ നിർദേശമുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ ഹോം ക്വാറന്റൈൻ പരാജയമെന്ന് തെളിഞ്ഞു.പ്രവാസികളെ തിരികെ എത്തിക്കാൻ സംസ്ഥാനം ഉത്സാഹിക്കുന്നില്ല.. കൂടുതൽ പ്രവാസികളെ എത്തിക്കാൻ സംസ്ഥാനം തടസം നിൽക്കുകയാണ്
-വി.മുരളീധരൻ പറഞ്ഞു.