സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് കെ.സുരേന്ദ്രൻ

Wednesday 27 May 2020 5:04 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന ആശങ്ക വിദഗ്ധരടക്കം ഉന്നയിക്കുന്നുണ്ട്. രോഗികളുമായി സമ്പർക്കം ഇല്ലാത്തവർക്കും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണുള്ളത്.രോഗികളുടെ എണ്ണം കുറച്ചു കാട്ടാനായി പരമാവധി കുറച്ച് പരിശോധനകൾ മാത്രം നടത്തുക എന്ന നയമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇത് വലിയ ദുരന്തത്തിന് വഴിവയ്ക്കും.


കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് പ്രതിസന്ധിയിലായ പാവങ്ങളെ സഹായിക്കാനുള്ള ബാധ്യതയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നാക്കം പോവുകയാണ് അത്തരക്കാർക്ക് നേരിട്ട് പണം എത്തിക്കാൻ സൗകര്യം ഒരുക്കണം. അടിയന്തിര സഹായമായി 2500 രൂപയെങ്കിലും റേഷൻ കടകൾ വഴി വിതരണം ചെയ്യണം.മടങ്ങി വരുന്ന പ്രവാസികൾക്ക് ക്വാറന്റീൻ സംവിധാനം സ്വജന്യമായി സംസ്ഥാന സർക്കാർ ഒരുക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.