ഉത്രയെ ഒഴിവാക്കി സൂരജ് കൊതിച്ചത് സുഖജീവിതം
കൊല്ലം: സ്ത്രീധനമായി ലഭിച്ച പണവും സ്വർണവും മാത്രമല്ല, ഉത്രയുടെ പേരിലുള്ള സ്വത്തുവകകളെല്ലാം ഒറ്റയടിക്കു കൈക്കലാക്കാനായിരുന്നു സൂരജിന്റെ പദ്ധതി. വിവാഹമോചനത്തിനു സമ്മതിച്ചാൽ സ്ത്രീധനമായി കിട്ടിയ ഉരുപ്പടികളും പണവും തിരികെ നൽകേണ്ടിവരുമെന്നു മാത്രമല്ല, കോടതി വിധിപ്രകാരം ജീവിതകാലം മുഴുവൻ ഉത്രയ്ക്കും കുഞ്ഞിനും ചെലവിനു കൊടുക്കേണ്ടിയും വരും.
2018 മാർച്ച് 25 നായിരുന്നു ഇവരുടെ വിവാഹം. 98 പവന്റെ സ്വർണാഭരണങ്ങൾ, അഞ്ചുലക്ഷം രൂപ, മാരുതി ബലേനോ കാർ എന്നിവയും നൽകി. മൂന്നര ഏക്കറോളം വസ്തു കൂടി നൽകാമെന്ന് ഉത്രയുടെ മാതാപിതാക്കൾ സമ്മതിച്ചിരുന്നു. ഉത്രയെക്കൊണ്ട് നിർബന്ധിപ്പിച്ച് വീട്ടിൽ നിന്ന് പണം വാങ്ങിയിരുന്ന സൂരജ് സ്വന്തം വീട്ടിലെ പല ആവശ്യങ്ങൾക്കും ആവർത്തിച്ച് പണം കൈപ്പറ്റി.
തന്നെ സമ്മർദ്ദത്തിലാക്കിയാണ് സൂരജ് നിരന്തരം പണം വാങ്ങിയിരുന്നതെന്ന് ഉത്രയുടെ അച്ഛൻ വിജയസേനൻ പറഞ്ഞു. സൂരജിന് കാര്യമായ വരുമാനമില്ലാത്ത ജോലിയായതിനാൽ മാസം 8000 രൂപ വീതം ഉത്രയുടെ മാതാപിതാക്കൾ നൽകുമായിരുന്നു. സൂരജിന്റെ അച്ഛന് ആട്ടോറിക്ഷ വാങ്ങാനും സഹോദരിയുടെ പഠനച്ചെലവിനും വിനോദയാത്രയ്‌ക്കുള്ള ചെലവും അടക്കം അളവറ്റ പണമാണ് വിജയസേനൻ നൽകിക്കൊണ്ടിരുന്നത്.
ഉത്രയുടെ മരണശേഷവും, കുഞ്ഞ് തന്റെ കൂടെയുള്ള കാലത്തോളം സ്വത്തുക്കളെല്ലാം അനുഭവിക്കാമെന്നും കുറച്ചു നാൾ കഴിഞ്ഞ് കുഞ്ഞിനെ നോക്കാനെന്ന പേരിൽ മറ്റൊരു വിവാഹം കഴിക്കാമെന്നും ആ സ്ത്രീധനത്തുക കൂടിയാകുമ്പോൾ സുഖജീവിതം നയിക്കാമെന്നും സൂരജ് കണക്കുകൂട്ടി.
ആർക്കും സംശയമുണ്ടാകാത്ത വിധം കൊലപാതകം നടത്താൻ വഴികൾ തേടുന്നതിനിടെയാണ് പാമ്പുകളെ ഉപയോഗിച്ച് കൊല നടത്തുന്ന രീതി സൂരജ് യു ട്യൂബിൽ കണ്ടത്. അതോടെ ആ വഴിക്കായി അന്വേഷണം. തുടർന്നാണ് പാരിപ്പള്ളിയിലെ പാമ്പുപിടിത്തക്കാരൻ സുരേഷിനെ ബന്ധപ്പെട്ടത്. ഇയാളിൽ നിന്നു വാങ്ങിയ അണലിയെ ഫെബ്രുവരി 29ന് വീടിനുള്ളിൽ കൊണ്ടിട്ട് ഉത്രയെ കടിപ്പിക്കാൻ ശ്രമിച്ചെങ്കിലും പാമ്പിനെ കണ്ട് ഉത്ര ഭയന്ന് നിലവിളിച്ചതോടെ ശ്രമം പാളി. ആ പാമ്പിനെ സൂരജ് ചാക്കിലാക്കി കൊണ്ടുപോയി.
അടുത്ത തവണ പാമ്പിന്റെ കടിയേറ്റെങ്കിലും വൈകിയാണെങ്കിലും ആശുപത്രിയിൽ എത്തിച്ചതിനാൽ ഉത്ര രക്ഷപ്പെട്ടു. അതിനുള്ള സാദ്ധ്യത ഇല്ലാതാക്കാൻ മേയ് അഞ്ചിനു രാത്രി സൂരജ് ചെയ്തത് ഉത്രയ്‌ക്ക് ജ്യൂസിൽ ഉറക്ക ഗുളികകൾ ചേർത്തു നൽകുകയാണ്. പാമ്പുകടിയേൽക്കുമ്പോൾ ഉത്ര അറിയാതിരിക്കാനായിരുന്നു ഇത്. ഈ തയ്യാറെടുപ്പുകൾക്കു ശേഷമാണ് പിറ്റേന്നു പുലർച്ചെ സൂരജ് മൂർഖൻ പാമ്പിനെ കിടക്കയിലേക്കു തുറന്നുവിട്ട് ഉത്രയെ കടിപ്പിക്കുകയും മരണം സംഭവിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്‌തത്.