കേരളത്തിൽ ഇതുവരെ പരിശോധിച്ചത് അറുപതിനായിരം പേരെ മാത്രം, കൊവിഡ് സാമൂഹിക വ്യാപനത്തിലേക്ക് നീങ്ങുന്നു ? മുന്നറിയിപ്പ് നൽകി വി‌ദ‌ഗ്‌ദ്ധ സമിതി

Thursday 28 May 2020 8:57 AM IST

​​​തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സാമൂഹിക വ്യാപനത്തിലേക്ക് നീങ്ങുന്നതായി വിദ‌ഗ്‌ധ സമിതിയുടെ മുന്നറിയിപ്പ്. നിരീക്ഷണത്തില്‍ കഴിയുന്നവരെ ഉള്‍പ്പെടെ പരമാവധി ആളുകളെ പരിശോധിക്കണം എന്നാണ് വിദ‌ഗ്‌ധ സമിതി പറയുന്നത്. അല്ലാത്തപക്ഷം കാര്യങ്ങൾ കൈവിട്ടുപോകുമെന്നാണ് വിദഗ്ധ സമിതി മുഖ്യമന്ത്രിയെ നേരിട്ടറിയിച്ചത്.

ജനുവരി മുതൽ ഇതുവരെ സംസ്ഥാനത്ത് അറുപതിനായിരത്തില്‍ താഴെ പേരെ മാത്രമാണ് പരിശോധിച്ചത്. ഈ സമയത്തിനുള്ളില്‍ മൂന്നരലക്ഷം പേരെയെങ്കിലും പരിശോധിക്കണമായിരുന്നു. നിരീക്ഷണത്തിലുള്ളവരെ ഒരു തവണ എങ്കിലും പരിശോധിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വിദഗ്ധ സമിതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഉറവിടമറിയാത്ത രോഗികളും അത്തരത്തിലുള്ള മരണങ്ങളും കൂടുകയാണ്. സെന്‍റിനന്‍റല്‍ സര്‍വേലൈന്‍സിലും ഓഗ്മെന്‍റഡ് സര്‍വേയിലും രോഗ ബാധിതരെ കണ്ടെത്തുന്നു. ഇത് സമൂഹ വ്യാപന സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ലോക ശരാശരി എടുത്താൽ 10 ലക്ഷം പേരില്‍ 1500 പേരെയാണ് കേരളം പരിശോധിക്കുന്നത്. ഇത് വളരെ കുറവാണ്. യാത്രകള്‍ ചെയ്ത് വന്നവരേയും ഇവിടുള്ളവരേയും പരിശോധിക്കണം. അല്ലാത്തപക്ഷം രോഗികളെ തിരിച്ചറിയാൻ കഴിയാതെ വരും എന്നാണ് വിദഗ്ധസമിതി സർക്കാരിനെ അറിയിച്ചിരിക്കുന്നത്.